ബോളിവുഡില്‍ തനിക്കെതിരെ ആസൂത്രിത നീക്കം ; വെട്ടിത്തുറന്നു പറഞ്ഞു റഹ്മാന്‍
ബോളിവുഡില്‍ തനിക്കെതിരെ നടക്കുന്ന നീക്കം വെളിപ്പെടുത്തി സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. ബോളിവുഡില്‍ ഒരുകൂട്ടം ആളുകള്‍ തന്നെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്ന് റഹ്മാന്‍ പറയുന്നു. ബോളിവുഡിലെ ചില ഗ്യാങ്ങുകള്‍ തന്നെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ എനിക്ക് വരാറുള്ള സിനിമകളില്‍ ഭൂരിഭാഗവും വേണ്ടെന്ന് വെക്കാറില്ല.
പക്ഷെ, പണ്ടുള്ള പോലെയല്ല, ഇപ്പോള്‍ വളരെ കുറച്ച് ബോളിവുഡ് സംവിധായകര്‍ മാത്രമേ എന്നെ സമീപിക്കുന്നുള്ളു. ഇത് ചിലര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ മൂലമാണ്. മുമ്പത്തേക്കാളും ഇപ്പോള്‍ എന്തുകൊണ്ട് ഹിന്ദി ചിത്രങ്ങള്‍ കുറവ് ചെയ്യുന്നു എന്ന അവതാരകന്റെ ചോദ്യത്തിനാണ് റഹ്മാന്‍ ഈ മറുപടി നല്‍കിയത്. വ്യാജ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ മൂലമാകാമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
സുശാന്ത് സിങ് രാജ്പുത് നായകനായെത്തിയ ദില്‍ ബേഹ്ചാരാ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛാബ്ര തന്നെ സമീപിച്ച അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. മുകേഷ് എന്നെ സമീപിച്ചപ്പോള്‍ രണ്ട് ദിവസം കൊണ്ട് നാല് പാട്ടുകള്‍ ഞാന്‍ അദ്ദേഹത്തിന് നല്‍കി. അദ്ദേഹം എന്നെ സമീപിക്കാനായുള്ള ആലോചനകളിലായിരിക്കുന്ന വേളയില്‍ ഒരുപാട് പേര്‍ എന്നെ സമീപിക്കരുതെന്ന് പറയുകയും അതിന് പല കഥകളും അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
പക്ഷെ, ഇപ്പോള്‍ അദ്ദേഹം സന്തുഷ്ടനാണ്. റഹ്മാന്‍ പറഞ്ഞു. ദില്‍ ബേഹ്ചാരാ ഇന്ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്സ്റ്റാറില്‍ ഇന്ന് റിലീസായി. കുറച്ചുകാലമായി ബോളിവുഡ് ലോബികള്‍ക്ക് എതിരെ പരസ്യമായിത്തന്നെ പ്രതികരിക്കുകയാണ് റഹ്മാന്‍. തന്റെ ഗാനങ്ങള്‍ തന്റെ അനുവാദം ഇല്ലാതെ റീമിക്‌സ് ചെയ്തു വികലമാക്കിയതിന് എതിരെ റഹ്മാന്‍ മുന്പ് രംഗത്ത് വന്നിരുന്നു.