സ്വര്‍ണ്ണക്കടത്ത് ; പണം വിദേശത്തേക്ക് കടത്തിയ വഴികള്‍ വെളിപ്പെടുത്തി സ്വപ്നയും സന്ദീപും

കേരളത്തില്‍ എത്തുന്ന സ്വര്‍ണ്ണത്തിനു പകരമായി പച്ചക്കറി കണ്ടെയ്‌നറിലും പെട്ടിയിലുമാണ് പണം വിദേശത്ത് എത്തിച്ചതെന്ന് വെളിപ്പെടുത്തല്‍. ഹവാല ഇടപാടിലൂടെ അയച്ച ഈ പണം ഫൈസല്‍ ഫരീദും സംഘവുമാണ് വിദേശത്ത് കൈപ്പറ്റിയത്. കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയും സന്ദീപും ഈ രഹസ്യം വെളിപ്പെടുത്തിയത്.കാബേജ് , കോളി ഫ്‌ലവര്‍ എന്നിവ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകളിലും വലിയ പെട്ടികളിലുമാണ് ഇന്ത്യന്‍ കറന്‍സി കടത്തിയത്.

താഴേക്കിടയിലുള്ള കണ്ണികള്‍ ശേഖരിക്കുന്ന പണം ഇത്തരത്തില്‍ വിദേശത്തേക്ക് എത്തിച്ചാണ് ഈ സംഘം സ്വര്‍ണ്ണം വാങ്ങിയിരുന്നത്. ലോക്ഡൗണ്‍ കാലത്തും പച്ചക്കറി കണ്ടെയ്‌നര്‍ വിദേശത്തേക്ക് പോയത് പ്രതികള്‍ക്ക് സഹായകമായി. റമീസാണ് ഈ ബുദ്ധി ഉപദേശിച്ചതെന്ന് സന്ദീപ് കസ്റ്റംസിനോട് വ്യക്തമാക്കി. പച്ചക്കറികള്‍ ആരുടെ പേരിലാണ് അയച്ചത്, കറന്‍സി ഇതിനുള്ളില്‍ വയ്ക്കാന്‍ സഹായം ചെയ്തത് ആരാണ് തുടങ്ങിയ കാര്യങ്ങളും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണ്ണ കളളക്കടത്തിനുള്ള പണം വിദേശത്ത് എത്തിക്കാന്‍ ഇവര്‍ ഉപയോഗിച്ച് വന്നത് ഈ മാര്‍ഗമാണെന്നാണ് വെളിപ്പെടുത്തല്‍.

2019 ജൂലൈ മുതല്‍ ഈ ജൂണ്‍ വരെ 13 തവണ സ്വര്‍ണ്ണം കടത്തിയെന്നും പ്രതികള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തി. ചെറിയ അളവിലുള്ള സ്വര്‍ണ്ണമാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം കടത്തിയത്. ഓരോ കടത്ത് കഴിയുമ്പോഴും സ്വര്‍ണ്ണത്തിന്റെ തൂക്കം വര്‍ദ്ധിപ്പിച്ചു. ഇത്തവണത്തെ കടത്ത് വിജയിച്ചാല്‍ അടുത്ത തവണ 50 കിലോഗ്രാം കടത്താനാണ് പ്രതികള്‍ ലക്ഷ്യമിട്ടരുന്നത്.

സ്വര്‍ണ്ണക്കടത്തിന് യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും സഹായിച്ചെന്ന സുപ്രധാന വെളിപ്പെടുത്തലും സ്വപ്ന നടത്തി. ഇതിനുള്ള പ്രതിഫലമായി ഇവര്‍ക്ക് 1500 ഡോളര്‍ വീതം നല്‍കിയിരുന്നതായും സ്വപ്ന കസ്റ്റംസിനോട് വ്യക്തമാക്കി. കോവിഡിന്റെ തുടക്കത്തില്‍ കോണ്‍സുല്‍ ജനറല്‍ വിദേശത്തേക്ക് പോയി. പിന്നീട് അറ്റാഷെയാണ് സഹായിച്ചത്.