ഡാളസില്‍ നിന്നും കാണാതായ അമ്മയും രണ്ടു കുട്ടികളും കാറിനുള്ളില്‍ മരിച്ച നിലയില്‍
പി.പി. ചെറിയാന്‍
ഡാളസ്: ഫോര്‍ണിയില്‍ നിന്നു ജൂലൈ 22 നു കാണാതായ അമ്മയേയും രണ്ടു കുട്ടികളേയും കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഫര്‍ണിച്ചര്‍ കടയുടെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും 23 നു (വ്യാഴം) രാവിലെയാണ് മാതാവ് നാറ്റ്‌ലി ചേംബേഴ്‌സ് (31) മക്കളായ ഇസബെല്‍ (4), എല്‍സി (2) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോര്‍ണിയയിലെ വീട്ടില്‍ നിന്നും ഗ്രേപ്വൈനിലേക്ക് ബുധനാഴ്ച രാവിലെ എട്ടോടെയാണ് മാതാവ് നാറ്റ്‌ലി ചേംബേഴ്‌സ് മക്കളെയു കൂട്ടി 2008 ഫോര്‍ഡ് എസ്‌കേപ്പില്‍ പുറപ്പെട്ടത്. പിന്നീട് ഇവരെ കുറിച്ചു യാതൊരു വിവരവും ഇല്ലായിരുന്നു. 24 മണിക്കൂറിനുശേഷമാണ് മൂവരുടേയും മൃതദേഹം എസ്യുവില്‍ നിന്നും കണ്ടെത്തിയത്. അമ്മയും മക്കളും എങ്ങനെയാണ് മരിച്ചതെന്ന് വിശദീകരിക്കാന്‍ കോഫ്മാന്‍ കൗണ്ടി ഷെറിഫ് ഓഫീസ് വിസമ്മതിച്ചു. ഓട്ടോപ്‌സിക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സംഭവത്തില്‍ ഇതുവരെ ആരേയും സംശയിക്കുന്നില്ലെന്നും അറസ്റ്റ് നടന്നിട്ടില്ലെന്നും ഷെറിഫ് ഓഫീസ് അറിയിച്ചു. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാവിന്റെ സെല്‍ഫോണാണ് ഇവരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിച്ചത്. ഇവരെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു മാതാവിന്റെ സഹോദരി ജെസിക്ക ഫെയ്‌സ്ബുക്കിലൂടെ സന്ദേശം അയച്ചിരുന്നു.