കേരളത്തില്‍ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ഐക്യരാഷ്ട്രസഭ

കേരളത്തിലും കര്‍ണാടകത്തിലും ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യം ഉണ്ട് എന്ന് ഭീകരവാദത്തെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. ഐ.എസ്, അല്‍ ഖ്വയ്ദ, ഇവരുമായി ബന്ധമുള്ള വ്യക്തികള്‍ തുടങ്ങിയവയെ കുറിച്ച് പ്രതിപാദിക്കുന്ന, അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിട്ടറിങ് ടീമിന്റെ 26-ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 150 മുതല്‍ 200 അംഗങ്ങള്‍ വരെയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേഖലയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേല്‍മന്ദ്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍നിന്ന് താലിബാനു കീഴിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി നിലവില്‍ 150-200 അംഗങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഒസാമ മഹ്മൂദ് ആണ് നിലവിലെ തലവന്‍- റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 മെയ് 10 ന് പ്രഖ്യാപിച്ച ഐഎസ്‌ഐഎല്‍ ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ് വിലയ) 180 നും 200 നും ഇടയില്‍ അംഗങ്ങളുണ്ടെന്ന് ഒരു അംഗരാജ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘം ഇന്ത്യയില്‍ ഒരു പുതിയ ”പ്രവിശ്യ” സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്നു. കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമാണിത്. അമാക് ന്യൂസ് ഏജന്‍സി വഴി പുതിയ ബ്രാഞ്ചിന്റെ അറബി നാമം ‘വിലയാ ഓഫ് ഹിന്ദ്’ (ഇന്ത്യ പ്രവിശ്യ) എന്നാണെന്നും ഭീകര സംഘടന പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്ന ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഈ അവകാശവാദം നിരസിച്ചിരുന്നു.