കുട്ടിക്കുറുമ്പുകള്‍ പാട്ടിന്റെ ലഹരിയില്‍ ജൂലൈ 28ന്

പി പി ചെറിയാന്‍

ന്യൂയോര്‍ക്: ജൂലൈ 28 നു ഞായറാഴ്ച രാത്രി 8 മണിക് (ന്യൂയോര്‍ക് സമയം) അമേരിക്കന്‍ മലയാളികളുടെ പ്രേത്യക സംഗീത പരിപാടിയായ സാന്ത്വന സംഗീതം പതിനഞ്ചാമത് എപ്പിസോഡു യുവതലമുറയുടെ പ്രതിനിധികള്‍ കൈയ്യടക്കുന്നു. പതിനഞ്ചു ഗാനങ്ങള്‍, പതിനഞ്ചു പാട്ടുകാര്‍ – അതാണ് ഈ ഞായറാഴ്ച അരങ്ങേറുന്ന പരിപാടിയുടെ പ്രേത്യകത.. കൂടാതെ, മലയാള സംഗീത ലോകത്തെ നാളെയുടെ പ്രതീക്ഷ സനിഗ സന്തോഷും ഈ പരിപാടിയുടെ പതിനഞ്ചാമത് എപ്പിസോഡില്‍ പങ്കെടുക്കുന്നു. പ്രശസ്ത ഗായകന്‍ ഫ്രാങ്കോ ഈ പരിപാടിയില്‍ ഒരു പ്രേത്യക അതിഥിയായി എത്തുന്നു വെന്നതും ഈയാഴ്ചത്തെ പരിപാടിയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ഞായറാഴ്ച്ച , ജൂലൈ 26 ന് കൃത്യം 8 മണിക്ക് (New York time) പരിപാടി ആരംഭിക്കും.സൂം പ്ലാറ്റ് ഫോമിലാണ് അവതരിപ്പിക്കുന്നത്, ഫേസ് ബുക്കിലും തത്സമയം പ്രക്ഷേപണം ഉണ്ടായിരിക്കും.

മലയാള സംഗീത ലോകത്ത് അറിയപ്പെട്ടു തുടങ്ങിയ സനിഗ ഇയ്യിടെ, പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ പ്രേത്യക പ്രശംസ നേടുകയുണ്ടായി. സംഗീത രംഗത്തു പ്രോത്സാഹനമായി ഗായകന്‍ കൂടിയായ അച്ഛന്‍ സന്തോഷ് സനിഗക്ക് വഴികാട്ടിയായി കൈ പിടിച്ചു നയിക്കുന്നു. ഇതിനോടകം കേരളത്തില്‍ നിരവധി സ്റ്റേജ് പരിപാടികളില്‍ സനിഗ സംഗീതത്തില്‍ തന്റെ മികവ് കാണിക്കുകയുണ്ടായി. അസാധാരണമായ സ്വരമാധുരിയും ആലാപന മികവും സനിഗയുടെ പ്രേത്യകതയാണ്. ക്ലാസിക്കല്‍ സ്വഭാവമുള്ള ഗാനങ്ങള്‍ പാടുന്നതില്‍ സനിഗയുടെ സാമര്‍ഥ്യം എടുത്തു പറയേണ്ടതാണ്.

പതിനഞ്ചാമത് എപ്പിസോഡില്‍ പതിനഞ്ചു പാട്ടുകാരാണ് പങ്കെടുക്കുന്നത്. ഇതിന്റെ പ്രേത്യകത പതിനഞ്ചു പാട്ടുകാരും അമേരിക്കന്‍ മലയാളി യുവതലമുറയുടെ പ്രതിനിധികളാണ് എന്നതാണ്. കൂടാതെ, ആങ്കര്‍ ചെയ്യുന്നതും യുവതലമുറയില്‍പ്പെട്ട പ്രതിഭകളാണ്. കോവിഡ് കാലഘട്ടത്തില്‍ സാന്ത്വന സംഗീതം ഒരു ചരിത്ര ഭാഗമാകുകയാണ്, മലയാള സംഗീതത്തിലൂടെ പുതു തലമുറ സാംസ്‌കാരിക പൈതൃകം ഏറ്റുവാങ്ങുകയാണ്. ഇവിടെ ഭാഷയും കലയും ഒന്നും ഇല്ലാതായിപ്പോകുന്നില്ല. സംഗീതത്തിലൂടെ അതെല്ലാം ഊട്ടിയുറപ്പിക്കപ്പെടുകയാണ്. യുവപ്രതിഭകള്‍ അലക്‌സ് ജോര്‍ജും സാറ പീറ്ററും ആണ് ഈയാഴ്ചത്തെ എപ്പിസോഡില്‍ ആങ്കര്‍ ചെയ്യുന്നത്. അങ്ങനെ പൂര്‍ണമായും അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഒരു യുവ പ്രതിഭ സംഗമം ആയി ചരിത്രം കുറിക്കുകയാണ് സാന്ത്വന സംഗീതത്തിന്റെ പതിനഞ്ചാമത് എപ്പിസോഡ്.

പ്രേക്ഷക പിന്തുണ വര്‍ദ്ധിച്ചുവരുന്ന ഈ പരിപാടിയില്‍ ഓരോ ആഴ്ചയും പുതിയ ഗായകര്‍ എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. പുതു തലമുറയില്‍ നിന്നും കൂടുതല്‍ കുട്ടികുറുമ്പുകള്‍ പങ്കെടുക്കുന്ന ഖ്യാതിയും സാന്ത്വന സംഗീതത്തിനുണ്ട്. മലയാളി ഹെല്‍പ് ലൈന്‍ നേതൃത്വം നല്‍കുന്ന നിരവധി സാമൂഹ്യ സാംസ്‌കാരിക പരിപാടികളില്‍ ഒന്നാണ് സാന്ത്വന സംഗീതം പരിപാടി. കോവിഡ് കാലത്ത് മലയാളികള്‍ക്ക് ഒരു കൈത്താങ്ങാകുക എന്ന സദുദ്ദേശത്തോടുകൂടി മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഒരു കൂട്ടായ്മയാണ് മലയാളി ഹെല്‍പ് ലൈന്‍. ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ് എന്നിവര്‍ ഇതിന് നേതൃത്വം കൊടുക്കുന്നു. ബൈജു വര്‍ഗീസ്, സിജി ആനന്ദ് , സിറിയക് മാളികയില്‍, റോഷിന്‍ മാമ്മന്‍, ജെയിന്‍ മാത്യൂസ് എന്നിവര്‍ ഇതിനു ഇതിനു വേണ്ടുന്ന സങ്കേതം ഒരുക്കുന്നു. സിബി ഡേവിഡ്, സിമി ജെസ്റ്റോ, ഷാന മോഹന്‍, ജിനു വിശാല്‍, നിഷ എറിക് , ബിജി പോള്‍, മിനി നായര്‍, ബിന്ദ്യ ശബരി തുടങ്ങിയവര്‍ ആങ്കര്‍ ചെയ്യുന്നു. ജാതി മത വ്യവസ്ഥകള്‍ക്കതീതമായി മാനവികത മുന്‍ നിര്‍ത്തി വര്‍ധിച്ച പ്രേക്ഷക പിന്തുണയോടെ സാന്ത്വന സംഗീതം മുന്നേറുന്നു.