വീട്ടുകാരെ പറ്റിച്ച് 19കാരി അടിച്ചുമാറ്റാന്‍ നോക്കിയത് ഒരു കോടി രൂപ
കാമുകനോടൊപ്പം ഒളിച്ചോടിയ 19കാരി വീട്ടുകാരില്‍ നിന്നും പറ്റിക്കാന്‍ നോക്കിയത് ഒരു കോടി രൂപ. ഒളിച്ചോട്ടത്തെ തട്ടിക്കൊണ്ടുപോവലായി ചിത്രീകരിച്ച ശേഷമാണു മാതാപിതാക്കളോട് 1 കോടി രൂപ ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്‌ന ഗ്രാമത്തിലാണ് കഴിഞ്ഞദിവസം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഗ്രാമത്തിലെ 19 വയസ്സുകാരിയെ വീട്ടില്‍നിന്ന് കാണാതായത്. പിന്നാലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യം നല്‍കിയാല്‍ വിട്ടുനല്‍കാമെന്നുമുള്ള ഫോണ്‍ സന്ദേശം ലഭിച്ചു.
പെണ്‍കുട്ടി തന്നെയാണ് ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാല്‍ കുടുംബം പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കണ്ടെത്തുകയും ചെയ്തു. പോലീസിനെ കണ്ട് കാമുകന്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് സ്വയം ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകല്‍ നാടകമായിരുന്നുവെന്ന് തെളിഞ്ഞത്. അടുത്തിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു സ്‌കൂള്‍ തുടങ്ങാനായി 1 കോടി രൂപ സ്വരുക്കൂട്ടിവച്ചിരുന്നു ഈ പണത്തിന് കണ്ണുവച്ചാണ് പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത്. കാമുകന് വേണ്ടി പോലീസ് അന്വേഷണം നടത്തുകയാണ്.