കേരളത്തില്‍ ഇന്ന് മാത്രം എട്ടു കൊറോണ മരണം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ശാരദയുടെ മകനും മരുമകളും അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ശാരദയുടെ മൃതദേഹം പിന്നീട് സംസ്‌കരിക്കും. ഇന്ന് മാത്രം സംസ്ഥാനത്ത് എട്ടുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തൃശൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെ മരിച്ച ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്‌കരിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. പുഷ്‌കരിയുടെ മകനും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അബ്ദുല്‍ ഖാദറിനെ 18നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 19നാണ് രോഗം സ്ഥിരീകരിച്ചത്.