സ്വര്‍ണ്ണക്കടത്ത് കേസ് ; എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു ; ചോദ്യം ചെയ്യല്‍ നാളെയും തുടരും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു. 8 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും. ജില്ല വിട്ട് പുറത്തു പോകരുതെന്നാണ് നിര്‍ദ്ദേശം. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ വാട്‌സപ്പ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. അക്കൗണ്ടുകളില്‍ നിന്നയച്ച മെസേജുകളും മറ്റും പരിശോധിക്കും. ഇത് കൂടി പരിശോധിച്ച ശേഷമാവും മറ്റു നടപടികള്‍.

രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയില്‍ നിന്നും പുറപ്പെട്ട എം ശിവശങ്കര്‍ ഒന്‍പതരയോടെയാണ് കൊച്ചിയിലെത്തിയത്. ആദ്യഘട്ടത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തില്‍ കസ്റ്റംസിന്റെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

സ്വപ്ന കണക്ട് ചെയ്ത നമ്പറില്‍ നിന്നാണ് കസ്റ്റംസിനെ ഫോണ്‍ വിളിച്ചതെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇതിനു പുറമേ സ്വര്‍ണം എത്തിയ ദിവസവും മറ്റൊരു നമ്പറില്‍ നിന്ന് പ്രതികളുമായി സംസാരിച്ചതായും എന്‍ഐഎ സംഘം കണ്ടെത്തി. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്.

കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.