കടുവ നിരീക്ഷണത്തിന് ഇന്ത്യയ്ക്ക് ഗിന്നസ് റെക്കോഡ്

ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് ഇന്ത്യക്ക്. ആഗോള കടുവ ദിന തലേന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ സമര്‍പ്പിക്കും. വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് സര്‍വേ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ്, കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ആഗോള കടുവാദിന തലേന്നായ ചൊവ്വാഴ്ച രാജ്യത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

കടുവകളുടെ എണ്ണം കണക്കാക്കുന്നതില്‍ ഇന്ത്യ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള ബഹുമതിയായാണ് ഗിന്നസ് പുരസ്‌കാരം ലഭിച്ചത്. പുതിയ വെബ്‌സൈറ്റും, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഔട്ട്‌റീച്ച് ലേഖനവും കേന്ദ്രമന്ത്രി ചടങ്ങില്‍ അവതരിപ്പിക്കും. ഇന്ത്യയുടെ ദേശിയ മൃഗമായ കടുവ വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തിലാണ്. തുടര്‍ന്നാണ് കടുവകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.