കൈരളി നികേതന്‍ യുവജനോത്സവം ഒക്ടോബറില്‍

വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം 2020 ഒക്ടോബര്‍ മാസത്തില്‍ നടക്കും. മെയ് ജൂണ്‍ മാസങ്ങളില്‍ നടത്തേണ്ടിയിരുന്ന മത്സരങ്ങള്‍ കോവിഡ്-19 സാഹചര്യം കണക്കിലെടുത്താണ് ഒക്ടോബറിലേയ്ക്ക് മാറ്റിയത്. അതേസമയം വീണ്ടും ലോക്ക് ഡൗണ്‍ സാഹചര്യം ഉണ്ടായാല്‍ മത്സരങ്ങള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ നേതൃത്വം അറിയിച്ചു.

ഒക്ടോബര്‍ 10ന് (ശനി) നടക്കുന്ന ചിത്രരചന മത്സരത്തോടെ 2020-ലെ യുവജനോത്സവത്തിനു തുടക്കമാകും. മത്സരങ്ങള്‍ കൈരളി നികേതന്‍ സ്‌കൂളില്‍ (എബേന്‍ദോര്‍ഫാര്‍സ്ട്രാസെ 8) ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 മണി വരെയായിരിക്കും.

രണ്ടാംപാദ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് നടക്കും. ഉച്ചകഴിഞ്ഞു 1 മണിയ്ക്ക് തുടങ്ങി വൈകിട്ട് 8 മണിയ്ക്ക് മത്സരങ്ങള്‍ സമാപിക്കും. പ്രസംഗം, സംഗീതം, ചെറുകഥ, മോണോആക്ട്, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളായിരിക്കും അന്നേദിവസം നടക്കുക.

മുന്നാം പാദ മത്സരങ്ങളായ നൃത്ത ഇനങ്ങള്‍ ഒക്ടോബര്‍ 31ന് സംഘടിപ്പിക്കും. ഫ്ലോറിസ്‌ഡോര്‍ഫിലുള്ള ഓഡിറ്റോറിയത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. സിനിമാറ്റിക്ക് ഡാന്‍സും ക്രിസ്ത്യന്‍ ഡാന്‍സും, ക്ലാസിക്കല്‍ നൃത്തവും യുവജനോത്സവത്തിന്റെ സമാപനദിനത്തെ അവിസ്മരണീയമാക്കും.

ജാതിമതഭേദമന്യേ 5 വയസ്സിനു മുകളിലും 18 വയസ്സിനു താഴെയും പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. ഓസ്ട്രിയയില്‍ സ്ഥിരതാമസമാക്കിയ എല്ലാ മലയാളികള്‍ക്കും കൈരളിനികേതന്‍ സ്‌കൂളില്‍ പഠിക്കുന്ന ആര്‍ക്കും യുവജനോത്സവത്തില്‍ പങ്കെടുക്കാവുന്നതാണ്.

സ്‌കൂള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സരങ്ങളുടെ ഒരുക്കുങ്ങള്‍ നടത്തിവരുന്നതായി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ എബി കുര്യന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും എസ്. എം.സി.സിയുടെ വെബ്സൈറ്റില്‍ (http://www.iccvienna.org/yf2020.asp) ലഭ്യമാണ്.