കഞ്ചാവ് ലഭിച്ചില്ല ; യുവാവ് കത്തി വിഴുങ്ങി

കഞ്ചാവ് കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് കത്തി വിഴുങ്ങി. ജൂലൈ 12 നാണ് വയറുവേദനയെ തുടര്‍ന്ന് യുവാവിനെ ആദ്യം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജൂലൈ 19 ന് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റുകയായിരുന്നു. വിശദമായ പരിശോധനയിലാണ് 20 സെന്റിമീറ്റര്‍ നീളമുള്ള കത്തി കരളില്‍ തറഞ്ഞിരിക്കുന്നതായി മനസിലായത്.

എയിംസി(AIIMS)ല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം വിദഗ്തന്‍ ഡോ. എന്‍ആര്‍ ദാസിന്റെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടത്തിയത്. 20 സെന്റിമീറ്റര്‍ നീളമുള്ള കത്തിയാണ് നീക്കം ചെയ്തത്. ഹരിയാന സ്വദേശിയായ യുവാവ് കഞ്ചാവിനു അടിമയായിരുന്നുവെന്നും ഇത് ലഭിക്കാത്ത മനോവിഷമത്തിലാണ് കത്തി വിഴുങ്ങിയതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒന്നര മാസം മുന്‍പാണ് 28കാരനായ യുവാവ് കത്തി വിഴുങ്ങിയത്. ഇത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വിശപ്പിലായ്മ, വയറുവേദന എന്നിവയെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് എക്‌സ്-റേയെടുത്ത് നടത്തിയ പരിശോധനയിലാണ് കരളില്‍ തറച്ചിരുന്ന കത്തി കണ്ടെത്തിയത്.

കത്തി വിഴുങ്ങിയ ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമായാണ് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇയാള്‍ നേരത്തെയും മൂര്‍ച്ഛയേറിയ വസ്തുക്കള്‍ വിഴുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ബോര്‍ഡ് പിന്‍, സൂചി, മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചൂണ്ട എന്നിവ ഇയാള്‍ നേരത്തെ വിഴുങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ വിദഗ്ദ്ധ ചികിത്സയിലൂടെയാണ് ഇയാള്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഇത്രയും വലുപ്പമുള്ള കത്തി വിഴുങ്ങിയത് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കത്തിന് നീക്കം ചെയ്യാനായത്.