നവയുഗം ജീവകാരുണ്യവിഭാഗം തുണച്ചു; ദുരിതം നിറഞ്ഞ പ്രവാസജീവിതം അവസാനിപ്പിച്ച് ഹസീന നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ മൂലം ദുരിതത്തിലായ മലയാളി വനിത, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ ഹസീനയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഒരു വര്ഷം മുന്‍പാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ഹൌസ്‌മെയ്ഡ് ആയി ഹസീന ജോലിയ്ക്ക് എത്തിയത്. എന്നാല്‍ ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ മോശമായിരുന്നു. സ്‌പോണ്‍സര്‍ നല്ലവനായിരുന്നെങ്കിലും, അദ്ദേഹം ദൂരെസ്ഥലത്ത് ജോലിയ്ക്കു പോയി മാസത്തില്‍ ഒന്നോ രണ്ടോ ദിവസമേ വീട്ടില്‍ കാണുകയുള്ളൂ എന്നതിനാല്‍, വീട്ടിലെ കാര്യങ്ങള്‍ മുഴുവന്‍ നിയന്ത്രിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു. അവര്‍ മോശമായ രീതിയിലാണ് പെരുമാറിയത് എന്നാണ് ഹസീനയുടെ പ്രധാനപരാതി. രാവും പകലും വിശ്രമില്ലാതെ ജോലി ചെയ്യിക്കുക, ഭക്ഷണം സമയത്തു തരാതിരിയ്ക്കുക, എന്തിനും ഏതിനും കുറ്റം പറയുക തുടങ്ങി മാനസികമായ ഒട്ടേറെ പീഢനങ്ങള്‍ നേരിടേണ്ടി വന്നു എന്ന് ഹസീന പറയുന്നു. ഒടുവില്‍ ഹസീന സഹികെട്ട് പ്രതികരിച്ചപ്പോള്‍, സ്പോണ്‍സറുടെ ഭാര്യ ദൊഹോപദ്രവവും ഏല്‍പ്പിയ്ക്കാനും തുടങ്ങി. അതിനെത്തുടര്‍ന്ന് ഹസീന പോലീസിനെ ഫോണ്‍ വിളിച്ചു പരാതി പറഞ്ഞു. പോലീസ് താമസസ്ഥലത്ത് എത്തി അവരുടെ മൊഴി എടുക്കുകയും, അവിടെ നിന്ന് അവരെ ദമ്മാമിലുള്ള വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്ന് ആക്കുകയും ചെയ്തു.

അഭയകേന്ദ്രം അധികൃതര്‍ അറിയിച്ചത് അനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍ അവിടെയെത്തി ഹസീനയോട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും കൂടി ഹസീനയുടെ സ്പോണ്‍സറെ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. ഹസീനയ്ക്ക് നാലുമാസത്തെ ശമ്പളം കുടിശ്ശിക കിട്ടാനുണ്ടായിരുന്നു. ആ കുടിശ്ശികയും, നാട്ടിലേയ്ക്ക് പോകാനുള്ള എക്‌സിറ്റും ടിക്കറ്റും നല്‍കണമെന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം, സ്‌പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി.

തുടര്‍ന്ന് കാര്യങ്ങള്‍ വേഗത്തില്‍ നടന്നു. സ്‌പോണ്‍സര്‍ കുടിശ്ശിക ശമ്പളം കൈമാറി. അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ മഞ്ജു മണിക്കുട്ടന്‍, ഹസീനയ്ക്ക് എക്‌സിറ്റ് അടിച്ചു കൊടുക്കുകയും, ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ വന്ദേഭാരത് വിമാനത്തില്‍ ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്തു.

അങ്ങനെ പ്രവാസജീവിതം അവസാനിപ്പിച്ച്, എല്ലാവര്ക്കും നന്ദി പറഞ്ഞ്, ഹസീന നാട്ടിലേയ്ക്ക് പറന്നു.

ഫോട്ടോ: ഹസീന (ഇടത്) മഞ്ജു മണിക്കുട്ടനൊപ്പം