പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ; എം ശിവശങ്കറിനെ എന്‍.ഐ.എ വിട്ടയച്ചു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും പത്തര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. കൊച്ചിയിലെത്തിയ അതേ കാറില്‍ തന്നെ ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന വിവരമാണ് എന്‍.ഐ.എ നല്‍കുന്നത്. രാവിലെ 10 മണിക്കു തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി 8.30-ന് ശേഷമാണ് കഴിഞ്ഞത്. പത്തര മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കര്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി.

തിങ്കളാഴ്ച രാവിലെയാണ് എന്‍.ഐ.എ ആവശ്യപ്പെട്ടതനുലരിച്ച് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. അന്ന് രാവിലെ പത്തു മുതല്‍ രാത്രി 8.30 വരെ വരെ ചോദ്യംചെയ്തു. തുടര്‍ന്ന് കൊച്ചിയിലെ തന്നെ ഹോട്ടലില്‍ ശിവശങ്കറിനെ താമസിപ്പിച്ച ശേഷം ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.

എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യംചെയ്തത്. സ്വര്‍ണക്കടത്ത് . പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം.ശിവശങ്കര്‍ പ്രതിയോ സാക്ഷിയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. കേസിലെ മറ്റൊരു പ്രതി കെ.ടി റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ തുടക്കം മുതല്‍ ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് എന്‍ഐഎ ശിവശങ്കറിലേക്കെത്തിയത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തെ ഓഫീസില്‍ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എന്‍.ഐ.എ ശിവശങ്കറെ ചോദ്യം ചെയ്തത്. ആദ്യം തിരുവനന്തപുരത്തെ പൊലീസ് ക്ലബ്ബിലും പിന്നീട് കൊച്ചി ഓഫീസിലേക്ക് നേരിട്ടെത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.