പി.ജെ ജോസഫിനൊപ്പമില്ല; നിലപാട് വ്യക്തമാക്കി ജനാധിപത്യ കേരളാ കോണ്‍ഗ്രസ്
ജനാധിപത്യ കേരള കോണ്‍ഗ്രസും പി.ജെ ജോസഫ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടന്നുവെന്ന പ്രചാരണം തള്ളി ഡോ.കെ.സി ജോസഫ്. ആരുമായും ലയനനീക്കത്തിനോ, ചര്‍ച്ചയ്‌ക്കോ പാര്‍ട്ടി തയ്യാറല്ല. എന്ത് നിലപാടിന്റെ അടിസ്ഥാനത്തിലാണോ ഈ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് ആ സാഹചര്യം തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി പോരാടുമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ.കെ.സി ജോസഫ് വ്യക്തമാക്കി. യുഡിഎഫില്‍ കുട്ടനാട് സീറ്റ് ഡോ.കെ.സി ജോസഫിന് വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം വഴങ്ങിയേക്കുമെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നത് വ്യാജവാര്‍ത്തയാണന്നും പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കി. കുട്ടനാട് സീറ്റ് നല്‍കി പ്രലോഭിച്ചാല്‍ വഴങ്ങുന്നതല്ല തന്റെ വ്യക്തിത്വമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…..
ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വായിച്ചുകേട്ട വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണ കുറിപ്പ് ഇടുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി, പി.ജെ ജോസഫ് പക്ഷവുമായി ലയിക്കുമോ എന്ന് പല പാര്‍ട്ടി പ്രവര്‍ത്തകരും എന്നെ നേരിട്ട് വിളിച്ച് ചോദിക്കുന്നുണ്ട്. യുഡിഎഫില്‍ കുട്ടനാട് സീറ്റ് എനിക്ക് ലഭിച്ചാല്‍ ഞാന്‍ വഴങ്ങുമെന്നാണ് നുണപ്രചരണം. ഒരു കാര്യം തറപ്പിച്ചു പറയാം, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി എന്റെ ആത്മാവും ജീവനുമാണ്. ഈ പാര്‍ട്ടി പിരിച്ചുവിടില്ലെന്ന് മാത്രമല്ല ഇടതുമുന്നണിയില്‍ ഉറച്ചുനിന്ന് പോരാട്ടം തുടരും.
ഇനി കുട്ടനാട് സീറ്റാണ് മറ്റൊരു ചോദ്യം. ഈ മണ്ണില്‍ ജനിച്ച് വളര്‍ന്ന് കുട്ടനാടിനെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്ന, കാല്‍ നൂറ്റാണ്ട് ഈ നാടിനെ സേവിച്ച വ്യക്തിയാണ് ഞാന്‍. കുട്ടനാട് സീറ്റ് നല്‍കി പ്രലോഭിച്ചാല്‍ വഴങ്ങുന്നതല്ല എന്റെ വ്യക്തിത്വം. അങ്ങനെ വഴങ്ങാനായിരുന്നെങ്കില്‍ പല വാഗ്ദാനങ്ങളും പല ഘട്ടങ്ങളില്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് നൂറ്റാണ്ടുകാലം ജനപ്രതിനിധിയായിരുന്നിട്ടും ഒരു സ്ഥാനമാനത്തിന് പിന്നാലെയും പോയിട്ടില്ല. വ്യക്തിത്വം അടിയറവ് വച്ച് ഇനി പോകുകയുമില്ല. ഇക്കാര്യം എന്റെ പാര്‍ട്ടി പ്രവര്‍ത്തകരോടായി ഉറപ്പുനല്‍കുന്നു.
ആരുമായും ലയനനീക്കത്തിനോ, ചര്‍ച്ചയ്‌ക്കോ പാര്‍ട്ടി തയ്യാറല്ല. എന്ത് നിലപാടിന്റെ അടിസ്ഥാനത്തിലാണോ ഈ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് ആ സാഹചര്യം തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. കേരളാ കോണ്‍ഗ്രസില്‍ അവഗണിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഈ പാര്‍ട്ടി രൂപീകൃതമായത്. ഇനിയും അവഗണിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളും. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി പോരാടും.
അഭിവാദ്യങ്ങളോടെ,
ഡോ.കെ.സി ജോസഫ്
ചെയര്‍മാന്‍,
ജനാധിപത്യ കേരളാ കോണ്‍ഗ്രസ്