എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല : മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന മരണങ്ങള്‍ എല്ലാം കോവിഡ് മരണങ്ങളല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രോഗി മറ്റ് അസുഖം മൂലം മരണപ്പെട്ടാല്‍ കോവിഡ് മരണമായി കണക്കാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. കോവിഡ് രോഗം മൂര്‍ഛിച്ച് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് മരണപ്പെടുന്നതു മാത്രമാണ് കോവിഡ് മരണമായി കണക്കാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളെല്ലാം കോവിഡ് മരണങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് പോസിറ്റീവ് ആയ ആള്‍ മരിച്ചാല്‍ പോലും അത് കോവിഡ് മരണത്തില്‍ ഉള്‍പ്പെടണമെന്നില്ല. കോവിഡ് രോഗി ജീവനൊടുക്കുകയോ മുങ്ങിമരിക്കുകയോ അപകടത്തില്‍ മരിക്കുകയോ ചെയ്താലും അത് കോവിഡ് മരണമായി കണക്കാക്കില്ല. ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്. ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്കാണ്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്.