കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു

സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. നിലവിലെ 10 + 2 സമ്പ്രദായം ഇനിയുണ്ടാകില്ല. പകരം 5+ 3+ 3+ 4 എന്ന സമ്പ്രദായം നിലവില്‍ വരും. ഇതനുസരിച്ച് 3-8, 8-11, 11-14, 14-18 എന്നതായിരിക്കും വിദ്യാര്‍ത്ഥികളുടെ പ്രായം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 21-ാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ നയത്തിനാണ് അംഗീകാരം നല്‍കിയതെന്ന് മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു. കഴിഞ്ഞ 34 വര്‍ഷമായി വിദ്യാഭ്യാസ നയത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ജാവദേക്കര്‍ പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി മാനവ വിഭവശേഷി മന്ത്രാലയത്തെ (എംഎച്ച്ആര്‍ഡി) വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്തു.

ബിരുദ പഠനത്തിലൂടെ ഒന്നിലധികം വിഷയങ്ങളില്‍ പ്രാവീണ്യവും സര്‍ട്ടിഫിക്കറ്റും| ബിരുദം മൂന്ന് അല്ലെങ്കില്‍ നാലു വര്‍ഷമായിരിക്കും. ഈ കാലയളവിനുള്ളില്‍ ഒന്നിലധികം വിഷയങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കും. ഉദാഹരണമായി തൊഴില്‍, പ്രൊഫഷണല്‍ മേഖലകള്‍ ഉള്‍പ്പെടെയുള്ള ഒരു വിഷയത്തിലോ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷത്തിനുശേഷം ഒരു ഡിപ്ലോമ, മൂന്നുവര്‍ഷത്തിനുശേഷം ബിരുദം എന്നിങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന തരത്തിലായിരിക്കും മാറ്റം.

പുതിയ പരിഷ്‌കാര പ്രകാരമുള്ള ഇ-കോഴ്‌സുകള്‍ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും പരിമിതപ്പെടുത്തുന്നതിനുപകരം 8 പ്രധാന പ്രാദേശിക ഭാഷകളിലും ഉണ്ടാകും. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പ്രധാന പരിഷ്‌കാരങ്ങളില്‍ സാര്‍വത്രിക മാനദണ്ഡങ്ങളുമായി ചേര്‍ത്തുള്ള ആദ്യകാല ശിശു സംരക്ഷണ വിദ്യാഭ്യാസത്തിന്റെ (ഇസിസിഇ) പ്ലേ അധിഷ്ഠിത പാഠ്യപദ്ധതി വികസിപ്പിക്കും.ചെറുപ്പം മുതലേ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുന്നതായിരിക്കും സ്‌കൂള്‍ കരിക്കുലം പരിഷ്‌കാരങ്ങളുടെ ഒരു ലക്ഷ്യം. 21-ാം നൂറ്റാണ്ടിലെ അഭിരുചികളും ഗണിതശാസ്ത്ര ചിന്തയും സമന്വയിപ്പിക്കുന്നതായിരിക്കും പുതിയ പാഠ്യപദ്ധതി.

നിയമ, മെഡിക്കല്‍ വിദ്യാഭ്യാസം ഒഴികെ ഉന്നത വിദ്യാഭ്യാസത്തിനായി എന്‍ഇപി ഏകീകൃത റെഗുലേറ്ററി സമിതി ആവിഷ്‌ക്കരിക്കും. പഠനത്തേക്കാള്‍ അറിവിന് പ്രാധാന്യം | ബോര്‍ഡ് പരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികളുടെ പഠനമികവിനേക്കാള്‍ അറിവ് പരീക്ഷിക്കുംബോര്‍ഡ് പരീക്ഷകളിലെ പരിഷ്‌കാരങ്ങള്‍ റിപ്പോര്‍ട്ട് കാര്‍ഡില്‍ അധ്യാപകരുടെയും സഹ വിദ്യാര്‍ത്ഥികളുടെയും വിലയിരുത്തല്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികളുടെ പഠനം വാര്‍ഷിക അടിസ്ഥാനത്തില്‍ വിലയിരുത്തും. 2023 ഓടെ വിലയിരുത്തല്‍ പരിഷ്‌കരണത്തിനായി അധ്യാപകരെ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.നൈപുണ്യ വികസനം. ആറാം ക്ലാസ് മുതല്‍ നൈപുണ്യവികസനത്തിനും ഊന്നല്‍ നല്‍കും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക ചുമതലകള്‍ ഉണ്ടാകും.

”മാനവ വിഭവശേഷി വികസന മന്ത്രാലയത്തെ (എംഎച്ച്ആര്‍ഡി) വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടെ സ്‌കൂളില്‍ ശക്തമായ പ്രാധാന്യം സംസ്‌കൃതത്തിനുണ്ടാകും. സംസ്‌കൃത സര്‍വ്വകലാശാലകളും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (എച്ച്ഇഐ) പ്രവേശനത്തിനായി ഒരു പൊതു പ്രവേശന പരീക്ഷയുണ്ടാകും. ഇതിനായി ഒരു ദേശീയ പരിശോധന ഏജന്‍സി രൂപീകരിക്കും.