ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി റാഫേല്‍

വ്യോമസേനയ്ക്കായി എത്തുന്ന 5 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വ്യോമസേന സ്വീകരിച്ചത്. ഫ്രാന്‍സിലെ ദാസോ എവിയേഷനില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളില്‍ ആദ്യത്തെ 5 എണ്ണമാണ് അംബാലയിലെത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റാഫേല്‍. ഇന്ത്യ അവസാനമായി വാങ്ങിയ യുദ്ധവിമാനം സുഖോയ് 30എസ് വിമാനമാണ്. ഇവ റഷ്യയില്‍ നിന്നുമാണ് വാങ്ങിയത്.

വ്യോമസേന മേധാവി ആര്‍.കെഎസ് ബദൗരിയ റാഫേല്‍ വിമാനങ്ങളെ സ്വീകരിക്കാനെത്തി. ഉച്ചയ്ക്ക് 1:40 ഓടെയാണ് ഇന്ത്യന്‍ സമുദ്ര മേഖലയിലേക്ക് റാഫേല്‍ വിമാനങ്ങള്‍ പ്രവേശിച്ചത്. ഇന്ത്യന്‍ ആകാശ പരിധിയിലെത്തിയ വിമാനങ്ങള്‍ അറബിക്കടലില്‍ വിന്യസിച്ചിരുന്ന നാവികസേന കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്തയുമായി വിമാനങ്ങള്‍ ബന്ധം സ്ഥാപിച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ ഇന്ത്യയുടെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങള്‍ റാഫേല്‍ വിമാനങ്ങള്‍ക്ക് ഇരുവശത്തുമായി അകമ്പടിയായി അംബാലയിലേക്ക് തിരിച്ചു.

ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയാണ് റാഫേല്‍ യുദ്ധവിമാനങ്ങളെ വ്യത്യസ്തമാക്കുന്നത്. ലക്ഷ്യങ്ങള്‍ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. ആറ് എയര്‍ ടു എയര്‍ മിസൈല്‍ വഹിക്കാനുള്ള ശേഷിയുള്ളവയാണ് ഇവ. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗമുള്ള റാഫേല്‍ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. ഒറ്റ പറക്കലില്‍ 3700 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള റഫേലില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെസ് എന്നീ ത്രിതല ഗുണങ്ങള്‍ ഉള്ളതാണ് റാഫേല്‍. ലിബിയയിലും, സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ചതും റാഫേല്‍ വിമാനങ്ങളെയാണ്.