അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജയില്‍ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ് ; 16 സുരക്ഷാജീവനക്കാര്‍ക്കും രോഗം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കേണ്ട ഒരു പുരോഹിതനും 16 സുരക്ഷാ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍. രാമക്ഷേത്ര ഭൂമിയില്‍ പതിവായി പൂജ നടത്തുന്ന നാലു പുരോഹിതരില്‍ ഒരാളായ ആചാര്യ സതേന്ദ്ര ദാസിന്റെ ശിഷ്യനായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രദീപ് ദാസിനെ ഇപ്പോള്‍ ഹോം ക്വറന്റീനിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധം പുലര്‍ത്തിയവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രദീപ് ദാസുമായി ബുധനാഴ്ച അഭിമുഖം നടത്തിയ ചില മാധ്യമ പ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അയോധ്യയില്‍ ബുധനാഴ്ച 66 പേര്‍ക്കു കോവിഡ് -19 സ്ഥിരീകരിച്ചു. ഇതുവരെ 605 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ 375 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 13 പേര്‍ മരിച്ചു.