കര്‍ഷകന്റെ മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പിസി ജോര്‍ജ്
കര്‍ഷകന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. വനപാലകരുടെ കസ്റ്റഡിയില്‍ കര്‍ഷകനായ പടിഞ്ഞാറെചെരുവില്‍ മത്തായി എന്ന പൊന്നുമോന്‍ മരിച്ച സംഭവത്തില്‍ ആണ് പി സി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പൊന്നുമോന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തില്‍ കുടുംബം ഉറച്ചുനില്‍ക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
വനാതിര്‍ത്തിയില്‍ ജീവിക്കുന്ന കര്‍ഷകരോടുള്ള വനംവകുപ്പിന്റെ മാടമ്പി രീതിയിലുള്ള സമീപനം സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. മത്തായിയുടെ മരണത്തില്‍ ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അടിയന്തിരമായി അവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തനംതിട്ട സീതത്തോട് കുടപ്പനയില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കേടുവരുത്തിയെന്ന് ആരോപിച്ച് ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെചരുവില്‍ പരേതനായ പാപ്പിയുടെ മകന്‍ 40കാരനായ ടി.ടി.മത്തായിയെന്ന പൊന്നുമോനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. സെര്‍ച്ച് വാറണ്ട് ഇല്ലാതെയായിരുന്നു അറസ്റ്റെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മത്തായിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ സ്റ്റേഷനിലേക്ക് വരാന്‍ ആയിരുന്നു ബന്ധുക്കള്‍ക്ക് വനപാലകര്‍ നല്‍കിയ നിര്‍ദ്ദേശം. ഇത് അനുസരിച്ച് ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയപ്പോള്‍ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞു. എന്നാല്‍, പിന്നീട് പൊന്നുമോന്‍ മരിച്ചെന്നുള്ള വിവരമാണ് പുറത്തുവന്നത്. തെളിവെടുപ്പിനായി ഏഴംഗ വനപാലകസംഘം വീട്ടില്‍ എത്തിയപ്പോള്‍ പൊന്നുമോന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അപ്പോള്‍ കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു എന്നുമാണ് വനപാലകര്‍ പറയുന്നത്. എന്നാല്‍, പൊന്നുമോന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.