കേരളത്തില്‍ 625 രൂപയ്ക്ക് കോവിഡ് പരിശോധന നടത്താം

കേരളത്തില്‍ ലാബുകളും ആശുപത്രികളും ഉള്‍പ്പെടെ പുതുതായി 88 സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ അനുമതി. 55 സ്ഥാപനങ്ങള്‍ക്ക് ആന്റിജന്‍ പരിശോധനയ്ക്കും 33 സ്ഥാപനങ്ങള്‍ക്ക് ട്രൂനാറ്റ്, ആര്‍ടി പിസിആര്‍ പരിശോധനയ്ക്കുമാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

കോവിഡ് പരിശോധന വ്യാപകമാക്കാന്‍ പുതിയ നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു. ദേശീയ അംഗീകാരമില്ലാത്ത ലാബുകളിലും ആന്റിജന്‍ പരിശോധനക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കി. കോവിഡ് പരിശോധനയായ ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള ലാബുകളുടെയും, ആശുപത്രികളുടെയും യോഗ്യതയില്‍ ഇളവുവരുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

പരിശോധനയ്ക്ക് അംഗീകാരം നല്‍കുന്ന NABL, NABH ബോര്‍ഡുകളുടെ അംഗീകാരം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. പകരം മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള സംവിധാനവും മികച്ച പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജന പ്രോട്ടോക്കോള്‍ പാലിക്കുന്ന ആശുപത്രികള്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നടത്താന്‍ ലൈസന്‍സ് നല്‍കും. 625 രൂപയാണ് ആന്റിജന്‍ പരിശോധന ഫീസ് നിശ്ചയിച്ചിട്ടുള്ളത്.