ടിക്ക് ടോക്കില്‍ വീഡിയോ ചെയ്ത യുവതികള്‍ക്ക് 2 വര്‍ഷം ജയിലും 14 ലക്ഷം രൂപ പിഴയും

നമ്മുടെ രാജ്യത്ത് ടിക്ക് ടോക് നിരോധനം തുടരുകയാണ് ഇപ്പോഴും. ടിക്ക് ടോക്കിന്റെ നിരോധനം എടുത്തു മാറ്റുവാന്‍ കമ്പനി കേന്ദ്രസര്‍ക്കാരിനോട് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. ഉടനെ തന്നെ ഇന്ത്യയിലെ ടിക്ക് ടോക് ആരാധകര്‍ക്ക് സന്തോഷം തരുന്ന ഒരു വാര്‍ത്ത കേള്‍ക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഈജിപ്റ്റില്‍ നിന്നാണ്. ടിക് ടോക്കില്‍ ‘മോശം’ നൃത്തവീഡിയോകള്‍ പങ്കുവെച്ചെന്ന് ആരോപിചാണ് അഞ്ച് യുവതികള്‍ക്ക് ഈജിപ്ഷ്യന്‍ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 3,00,000 ഈപിഷ്യന്‍ പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) പിഴയും ഓരോരുത്തര്‍ക്കും ചുമത്തിയിട്ടുണ്ട്. സദാചാര മൂല്യങ്ങള്‍ ലംഘിച്ചുവെന്നും വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി.

20 വയസുകാരിയായ വിദ്യാര്‍ഥിനി ഹനീന്‍ ഹൊസം, 22കാരി മവാദ എലാദം എന്നിവരുടെ പേരുകള്‍ മാത്രമാണ് പുറത്തുവന്നത്. ബാക്കിയുള്ള മൂന്നുപേരും ഇവരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിച്ചവരാണ്. രണ്ട് യുവതികളും ടിക് ടോക് വീഡിയോകളിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയത്. കാറിലിരുന്ന് മേക്കപ്പ് ചെയ്യുന്നതാണ് ഒരുവീഡിയോ. അടുക്കളയില്‍ നൃത്തം ചെയ്യുന്നതും ഹാസ്യ സ്‌കിറ്റുകളുമാണ് മറ്റ് വീഡിയോകളിലുള്ളത്. സാധാരണ ടിക് ടോക്കില്‍ കാണുന്നവയ്ക്ക് സമാനമായതായിരുന്നു ഈ വീഡിയോകളും.

എന്നാല്‍ സോഷ്യല്‍മീഡിയ ദുരുപയോഗത്തിനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും ഈജിപ്തില്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക. ഫോട്ടോകളും ചിത്രങ്ങളും അപമാനകരവും ആക്ഷേപകരവുമാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.വിധികേട്ട് എലാദം കോടതിയില്‍ പൊട്ടിക്കരഞ്ഞു.’‘ രണ്ടുവര്‍ഷം ജയില്‍? മൂന്നു ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് പിഴ? ഇത് കേള്‍ക്കുന്നതുതന്നെ പ്രയാസകരമാണ്”.- അവര്‍ പറഞ്ഞു. ”ഫോളോവേഴ്‌സിനെ നേടുക മാത്രമാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. അവര്‍ക്ക് വേശ്യാവൃത്തിയുമായി യാതൊരു ബന്ധവുമില്ല.” യുവതികളുടെ അഭിഭാഷക പറയുന്നു.