നിയമം നോക്കുകുത്തി; കോടതി ഉത്തരവായിട്ടും സിപിഎം നേതാവിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയില്ല

എറണാകുളം പുത്തന്‍കുരിശില്‍ സി.പി.എം പ്രാദേശിക നേതാവ് വയല്‍ നികത്തി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിനെതിരെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം. കെട്ടിടം നിയമ വിരുദ്ധമെങ്കില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഭരണസ്വാധീനം ഉപയോഗിച്ച് നടപ്പാക്കുന്നില്ലെന്നാണ് ആരോപണം.

പ്രഥമദൃഷ്ട്യ അനധികൃതമാണെന്ന് തെളിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പൂതൃക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പാടഭൂമിയിലാണ് സിപിഎം പ്രാദേശിക നേതാവായ കെട്ടിട ഉടമ ജോസ് മാത്യു എന്ന എം.എം തങ്കച്ചനാണ് മണ്ണിട്ട് നികത്തി കൂറ്റന്‍കെട്ടിടം നിര്‍മ്മിച്ചത്.

അനധികൃതമായി നിര്‍മിച്ച് കെട്ടിപ്പൊക്കിയ സ്ഥലത്ത് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, എന്നീ റവന്യു അധികാരികള്‍ പരിശോധന നടത്തി നിയമ ലംഘനം നടത്തിയോ എന്ന് പരിശോധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കണമെന്നാണ് ഉത്തരവ്. എന്നാല്‍ ഉന്നത രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ച് തങ്കച്ചന്‍ കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുവെന്നാണ് പരാതിക്കാരനായ സാജു തുരുത്തികുന്നേലിന്റെ ആരോപണം. സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്ത് മെമ്പറും വടവുകോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ തങ്കച്ചന്‍, ജില്ലയിലെ ഉന്നത സി.പി.എം നേതാവിന്റെ അടുപ്പക്കാരനുമാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നുവെന്നാണ് പരാതി.

ജൂലൈ 24ന് അനധികൃത നിര്‍മ്മാണ സ്ഥലത്ത് മൂന്ന് ഉദ്യോഗസ്ഥരും എത്തിച്ചേരുമെന്ന് പരാതിക്കാരനെ അറിയിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വില്ലേജ് ഓഫീസര്‍ മാത്രമാണ് വന്നത്. അതേസമയം സ്ഥലമുടമ നിശ്ചിത ഫീസടച്ച് പാട ഭൂമി പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. പാടം നികത്തി നിര്‍മ്മിച്ച ഈ കെട്ടിടം പൊളിച്ച് നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉന്നത ഇടപെടല്‍ മൂലം കെട്ടിടം പൊളിക്കാതെ നീട്ടി കൊണ്ട് പോവുകയാണ് ചെയ്തത്.

ആരോപണ വിധേയനായ കെട്ടിട ഉടമയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ച ഉള്‍പ്പെടെ സംശയനിഴലിലാണ്. കോടിക്കണക്കിന് വിലമതിപ്പ് വരുന്ന ഈ കെട്ടിടം മാത്രമല്ല, റിയല്‍ എസ്റ്റേറ്റിന്റെ പേരില്‍ പല പ്രദേശങ്ങളിലായി ഇയാള്‍ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങി കൂട്ടിയെന്നാണ് ആക്ഷേപം. എറണാകുളം ജില്ലയിലെ ഉന്നത സിപിഎം നേതാവുമായുള്ള ബന്ധമാണ് ഇയാളുടെ കരുത്ത്. കേസ് നീട്ടികൊണ്ടു പോകുവാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചാല്‍ ഹൈക്കോടതിയില്‍ നിന്നും അഭിഭാഷക കമ്മീഷനെ കൊണ്ടുവരാന്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും പരാതിക്കാരനായ സാജു തുരുത്തികുന്നേല്‍ പറഞ്ഞു. വര്‍ഷങ്ങളായി പുത്തന്‍കുരിശ് ഉള്‍പ്പെടുന്ന സമീപ പ്രദേശങ്ങളില്‍ ഭൂമാഫിയ വിളയാട്ടം വ്യാപകമാണെന്നും ആക്ഷേപമുണ്ട്.