സബ് ട്രഷറിയില്‍ നിന്നും രണ്ടു കോടി തട്ടിയെടുത്ത സംഭവം ; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
തിരുവനന്തപുരം : വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജിലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ബിജിലാല്‍ പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്ക് തുക മാറ്റുകയായിരുന്നു.
സബ് ട്രഷറി ഓഫീസര്‍ വിരമിക്കുന്നതിന് മുമ്പ് രണ്ട് മാസം അവധിയില്‍ ആയിരുന്നു. ഇക്കാലത്താണ് ബിജിലാല്‍ രണ്ടു കോടി രൂപ തട്ടിയെടുത്തത്. മെയ് 31-നാണ് ഓഫീസര്‍ വിരമിച്ചത്. തട്ടിപ്പിനെ കുറിച്ച് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയശേഷമാണ് നടപടി. ഇയാള്‍ക്കെതിരെ തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.