സ്വര്‍ണ്ണക്കടത്ത് കേസ് തമിഴ്‌നാട്ടിലേക്കും 3 പേര്‍ അറസ്റ്റില്‍

വിവാദമായ തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നും 3 പേരെ എന്‍ഐഎ അറസ്റ്റു ചെയ്തു. ഇതോടെ കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റു ചെയ്ത മൂന്നു പേരും തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള ഏജന്റുമാരാണ്. ഇവരാണ് അനധികൃതമായി എത്തിയ സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഡിഐജി കെ. ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ എത്തുകയും മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു.

കള്ളക്കടത്ത് സ്വര്‍ണ്ണത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വര്‍ണ്ണം വില്‍ക്കാനും ഇവര്‍ തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണ വ്യാപാരികളെ ബന്ധപ്പെട്ടുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തിരിച്ചിറപ്പള്ളിയിലെ സ്വര്‍ണ്ണക്കടകളിലും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. കൂടാതെ മുന്‍പ് അനധികൃതമായി സ്വര്‍ണ്ണം തമിഴ്‌നാട്ടിലെത്തിച്ച് വില്‍പ്പന നടത്തി പിടിയിലായവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം സ്വപ്ന സുരേഷനെയും സന്ദീപ് നായരെയും കസ്റ്റംസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഇതിനുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കാനാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അഞ്ച് ദിവസത്തേയ്ക്കാണ് കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഈ സമയത്തിന് ഉള്ളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ഇത് സംബന്ധിച്ച അപേക്ഷ ഇന്നോ തിങ്കളാഴ്ച്ചയോ കോടതിയില്‍ സമര്‍പ്പിക്കും.