പ്രതിഫലത്തില്‍ രജനികാന്തിനെ കടത്തിവെട്ടി ഒന്നാമനായി വിജയ്

പ്രതിഫലകാര്യത്തില്‍ രജനികാന്തിനെ കടത്തി വെട്ടി വിജയ്. തന്റെ പുതിയ ചിത്രമായ മാസ്റ്റര്‍ പുറത്തു ഇറങ്ങുന്നതിനു മുന്‍പാണ് വിജയ്യുടെ പ്രതിഫലം കൂടി എന്ന വാര്‍ത്ത വരുന്നത്. വിജയ് കഴിഞ്ഞാല്‍ രജനി , അജിത് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മേര്‍സല്‍ എന്ന സിനിമയ്ക്ക് 25 കോടിയും സര്‍ക്കാരിന് 30 കോടിയും വാങ്ങിയ വിജയ് ബിഗില്‍ എന്ന ചിത്രത്തിന് വേണ്ടി 50 കോടി പ്രതിഫലം വാങ്ങിയെന്നാണ് അറിയുന്നത്. ബിഗില്‍ വലിയ ഹിറ്റായതോടെ അടുത്ത സിനിമയായ മാസ്റ്ററിന് പ്രതിഫലം ഉയര്‍ത്തി 60 കോടിയാക്കി എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മാസ്റ്ററിന്റെ വിതരണാവകാശവും റെക്കോര്‍ഡ് തുകയ്ക്ക് വിറ്റ് പോയെന്നാണ് സൂചന.

സൂപ്പര്‍താരം രജനികാന്താണ് രണ്ടാം സ്ഥാനത്ത്. പേട്ട എന്ന സിനിമ നൂറ് കോടി സ്വന്തമാക്കിയതിന് ശേഷം ദര്‍ബാര്‍ എന്ന ചിത്രവും നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. പേട്ടയെക്കാള്‍ മുപ്പത് ശതമാനം വിജയം ദര്‍ബാറിന് കിട്ടിയിരുന്നു. അങ്ങനെ രജനികാന്തിന് പ്രതിഫലം 55 കോടിയാണെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് രജനികാന്ത് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം പുറത്ത് വന്ന ഏകദേശ കണക്കുകളിലാണ് രജനികാന്ത് രണ്ടാം സ്ഥാനത്ത് ഉള്ളതാണ് കാണിച്ചിരിക്കുന്നത്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ മൂന്നാമത് തല എന്ന് ആരാധകര്‍ വിളിക്കുന്ന അജിത്ത് ആണ്. ബ്ലോക്ബസ്റ്റര്‍ സിനിമകള്‍ മാത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാറുള്ള അജിത്ത് കഴിഞ്ഞ വര്‍ഷം രജനികാന്തിനൊപ്പമായിരുന്നു മത്സരം. പേട്ടയ്ക്കൊപ്പം അജിത്തിന്റെ വിശ്വാസം എന്ന മൂവിയും തിയറ്ററുകളിലേക്ക് എത്തിയിരുന്നു. നൂറ് കോടി അതിവേഗം സ്വന്തമാക്കിയതോടെ അജിത്തിനും പ്രതിഫലം ഉയര്‍ന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ വിജയിയുടെ ശമ്പളത്തിനൊപ്പമായിരുന്നു അജിത്ത്. എന്നാല്‍ എത്രയാണ് അജിത്തിന്റെ പ്രതിഫലം എന്ന് ഇതുവരെ റിപ്പോര്‍ട്ട് വന്നിട്ടില്ല.

പ്രതിഫലകാര്യത്തില്‍ നാലാമനാണ് നടിപ്പിന്‍ നായകന്‍ സൂര്യ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചില പരാജയ സിനിമകള്‍ സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും ചില സമ്മര്‍ദ്ദം വന്നു. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നല്ല പ്രകടനം നടത്തുന്ന കോടികള്‍ പ്രതിഫലം വാങ്ങുന്ന മുന്‍നിര നായകനായി തുടരുകയാണ് താരം. 25 കോടിയോളം രൂപയാണ് സൂര്യയുടെ പ്രതിഫലമെന്നാണ് അറിയുന്നത്.

യുവ താരങ്ങളില്‍ ഒന്നാമനായ ധനുഷാണ് അഞ്ചാം സ്ഥാനത്ത് . 14 കോടിയാണ് ധനുഷിന്റെ പ്രതിഫലം. 10 കോടി വാങ്ങി ചിയാന്‍ വിക്രം ആറാം സ്ഥാനത്തി നില്‍ക്കുമ്പോള്‍ 8 കോടി പ്രതിഫലം വാങ്ങി കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി, ജയം രവി, എന്നിവരെല്ലാം ഓരോ സ്ഥാനങ്ങളിലായി നില്‍ക്കുന്നു. വര്‍ഷത്തില്‍ അഭിനയിക്കുന്ന ഒന്നോ രണ്ടോ സിനിമകള്‍ ആണെങ്കില്‍ പോലും അതും ഹിറ്റായി തുടരുന്നതോടെ താരങ്ങളെല്ലാവരും വലിയ താരമൂല്യവും പ്രതിഫലവും സ്വന്തമാക്കുന്ന കാഴ്ചയാണ് തമിഴ് സിനിമാ ലോകത്ത് നിലവില്‍ ഉള്ളത്.