കോവിഡ് , മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ

കോവിഡ് വ്യാപന തോതില്‍ അമേരിക്കയേയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ. നിലവില്‍ മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാമതാണ്. കോവിഡ് ബാധിതരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യു.എസില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മുപ്പതിനായിരത്തോളം പേര്‍ക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്. ബ്രസീലില്‍ 10,000 വും. ആഗോള തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.9 ലക്ഷം പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 1.79 കോടി പിന്നിട്ടു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 57,117 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 17,49,771 ആയി. ഇന്നലെ 839 പേര്‍ മരിച്ചതോടെ ആകെ മരണം 37,390 ആയി. ഏഴു ലക്ഷത്തോളം പേരാണു ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ 50 ജില്ലകളിലായാണ് 80% കേസുമെന്നതാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രത്യേകത. 64.38% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം, ആന്ധ്രാപ്രദേശില്‍ സ്ഥിതി സങ്കീര്‍ണമാണ്. പ്രതിദിനം പതിനായിരത്തിലധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും രോഗബാധ രൂക്ഷമാണ്. ഗുജറാത്തില്‍ മരണനിരക്കും ഉയര്‍ന്ന നിലയിലാണ് എന്നാണ് റിപ്പോര്‍ട്ട്. 16 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിക്ക് മുകളില്‍ ആണ്. 2.19 % ആണ് മരണ നിരക്ക്. ഇരുപത്തി നാല് സംസ്ഥാനങ്ങളില്‍ മരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. രാജ്യത്തെ പ്രതിദിന സാമ്പിള്‍ പരിശോധന ആറ് ലക്ഷം കടന്നിട്ടുണ്ട്. 10 ലക്ഷം എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.