നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവം ; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
എറണാകുളം കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്.
തുടര്‍ന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പീഡിയാട്രീഷന്‍ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്. പഴവും ചോറും നല്‍കിയാല്‍ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടു. വീട്ടിലെത്തി രാത്രിയായതോടെ കുഞ്ഞിന്റെ നില വഷളായി. വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് എതിരെ ഉള്‍പ്പെടെ രൂക്ഷമായ ആരോപണങ്ങള്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ച സാഹചര്യത്തിലാണു നടപടി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചോ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.
അതേസമയം ചികിത്സകിട്ടാതെ മരിച്ച മൂന്ന് വയസുകാരന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിയുടെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തും. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക.