ഡോ ഐഷയുടെ പോസ്റ്റ് കണ്ടു കണ്ണുനിറഞ്ഞവര്‍ അറിയാന്‍ ; ആ പോസ്റ്റും ഐഷയും എല്ലാം വ്യാജന്‍
കണ്ണീരോര്‍മ്മയായി.. ഡോക്ടര്‍ ഐഷയ്ക്ക് പ്രണാമം…’ ഓര്‍മ്മയുണ്ടോ ഈ വരികള്‍? രണ്ടു ദിസവമായി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് ഈ വരികള്‍. കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടര്‍ ഐഷയുടെ അവസാന സന്ദേശമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന കുറിപ്പിലെ ആദ്യ വരികള്‍ ആണ് ഇത്. അതൊരു ട്വീറ്റിന്റെ മലയാള പരിഭാഷയായിരുന്നു. നമ്മളില്‍ പലരുടെയും ടൈംലൈനില്‍ ഈ വരികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും. വായിച്ച് നെടുവീര്‍പ്പെട്ട് ചിലര്‍ക്ക് കണ്ണും നിറഞ്ഞു കൊറോണയെ നാല് ചീത്തയും വിളിച്ച് നമ്മളില്‍ പലരും ഇത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ടാവും.
നമ്മള്‍ മാത്രമല്ല, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആരോഗ്യപ്രവര്‍ത്തകരുമൊക്കെ ഐഷയുടെ കദന കഥ പങ്കുവച്ചു. സന്ദേശം കൊവിഡിനെതിരായ പോരാട്ടത്തെ ഓര്‍മിപ്പിക്കുന്നതും സുരക്ഷിതമായിരിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതുമായിരുന്നു. ഹോ, ഡോ, ഐഷക്ക് എന്തൊരു കരുതല്‍! അതുകൊണ്ടൊക്കെ തന്നെ ഈ സന്ദേശത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. എന്നാല്‍, ഈ സന്ദേശവും ഡോക്ടര്‍ ഐഷയുമൊക്കെ ആരോ ഒരാളുടെ/ഒരു സംഘത്തിന്റെ ഭാവന മാത്രമായിരുന്നു. അറ്റന്‍ഷന്‍ സീക്കിംഗിന്റെ അസുഖമുള്ള ആരൊക്കെയോ പടച്ചു വിട്ട ഒരു കഥ മാത്രമായിരുന്നു ഡോ. ഐഷ.
കൊവിഡ് ഐസിയുവില്‍ നിന്ന് ഇത്തരത്തില്‍ ഒരു ചിത്രം പകര്‍ത്താന്‍ കഴിയില്ലെന്നത് ഒരു കാര്യം. മറ്റൊന്ന് ഡോ. ഐഷ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. സത്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലൊന്നും ഐഷ എന്ന് പേരുള്ള യുവ ഡോക്ടര്‍ ഇന്ത്യയില്‍ മരണപ്പെട്ടതായി വിവരങ്ങളില്ല. ചില മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം ഈ ചിത്രം പങ്കുവച്ചിട്ട് സംഗതി വ്യാജമെന്ന് അറിഞ്ഞതോടെ അത് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഒന്നാമത് കൊവിഡ്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വരെ രോഗബാധ സ്ഥിരീകരിക്കുന്ന അവസ്ഥയിലാണ് രാജ്യം. മിക്കവാറും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. രണ്ടാമത് പ്രളയം. അസമിലെയും ബീഹാറിലെയും അവസ്ഥ വളരെ പരിതാപകരമാണ്. നമ്മുടെ കേരളത്തിലും മഴ തുടരുകയാണല്ലോ. ഇതിന്റെയൊക്കെ ഇടയിലാണ് വ്യാജവാര്‍ത്തകളുമായി ചിലരുടെ അഴിഞ്ഞാട്ടം. മോശം എന്ന് പറഞ്ഞാല്‍ പോരാ, ഭയങ്കര മോശമാണ് ഇത്. അതുകൊണ്ട് പങ്കുവക്കുന്നതിനു മുന്‍പ് ഒരു തവണ ചിന്തിക്കുക. ഒന്ന് ചുറ്റും നോക്കുക. ഉറപ്പുണ്ടെങ്കില്‍ മാത്രം ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുക.
ആദ്യം ആ സന്ദേശം നോക്കാം-
കണ്ണീരോര്‍മ്മയായി.. ഡോക്ടര്‍ ഐഷയ്ക്ക്
പ്രണാമം…
ഡോ. ഐഷയുടെ അവസാന സന്ദേശം
കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുന്‍പ്
വെന്റിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ്
ഡോ.ഐഷ ട്വിറ്ററില്‍ കുറിച്ച അവസാന സന്ദേശം.!
ഹായ്!;;;;
എന്നെ സംബന്ധിച്ചിടത്തോളം കോവിഡിനെ നേരിടുന്നത് അത്ര എളുപ്പമല്ല.
ശ്വാസംമുട്ടല്‍ കൂടുന്നതേയുള്ളൂ .
ഇന്ന് എപ്പോഴെങ്കിലും എന്നെ വെന്റിലേറ്ററി ലേക്ക് മാറ്റും
എന്നെ ഓര്‍ക്കുക,
എന്റെ പുഞ്ചിരി,
എപ്പോഴും
ഓര്‍മ്മയുണ്ടാകണം
സുരക്ഷിതമായിരിക്കുക.
ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കുക.
ലവ് യു ബൈ
ഐഷ.