സ്വര്‍ണക്കടത്ത്: ഹൈക്കോടതി മുന്‍ ജഡ്ജി നിരീക്ഷണത്തില്‍ ; കൈവെട്ട് കേസിലെ പ്രതിയും അറസ്റ്റില്‍

വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ ഹൈക്കോടതിയിലെ ഒരു മുന്‍ ജഡ്ജി എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തില്‍ എന്ന് വിവരം. ഇദ്ദേഹത്തോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എന്‍ഐഎ നിര്‍ദേശം നല്‍കി. വിദേശത്തു നിന്നും അനധികൃതമായി ഉണ്ടായിട്ടുളള ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് സൂചന. മുന്‍ ജഡ്ജിയായ ഇദ്ദേഹം കൂടി അംഗമായ ട്രസ്റ്റാണ് സ്‌കൂളിന്റെ നിയന്ത്രണം. സ്‌കൂളിന് വഴിവിട്ട ആനുകൂല്യത്തിന് സഹായം നല്‍കിയെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ട്രസ്റ്റിലേക്ക് നീങ്ങിയത്. ഈ സ്‌കൂളിനു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകളുടെ അന്വേഷണവും നടപടിയിലേക്കു നയിച്ചു. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനെ കൊല്‍ക്കത്തയിലെ സ്വര്‍ണ മാഫിയയിലെ കണ്ണി എന്ന സംശയത്തില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു.

ഈ ജഡ്ജി സര്‍വീസിലായിരുന്ന വേളയില്‍ ചില കേസുകളില്‍ പക്ഷപാതം കാണിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അന്ന് വിവാദമായ ഒരു വമ്പന്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഈ ആരോപണം ഉയര്‍ന്നത്. സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്ത ശേഷം വിദേശഫണ്ടിങ്ങുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനകളാണ് ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെ സംശയത്തിന്റെ നിഴലിലാക്കിയത്.

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണത്തില്‍ പങ്കാളിയുമായിരുന്നിട്ടുണ്ട്. ജഡ്ജിയാവുന്നതിനു മുന്‍പ് ഒന്നിലേറെ തവണ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന ഇദ്ദേഹം വിരമിച്ചതിനു ശേഷം കൊച്ചി നഗരത്തില്‍ തന്നെയാണ് താമസം.
അതേസമയം കേസില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഇരുപത്തിനാലാം പ്രതി മുഹമ്മദലി ഇബ്രാഹിമിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ കെ.ടി. റമീസില്‍നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് രണ്ടുപേരെയും എന്‍.ഐ.എ. സംഘം പിടികൂടുകയായിരുന്നു. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമാണെന്നാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ട്. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.