അയോധ്യ ഭൂമി പൂജ ; ആദ്യ ക്ഷണം ഇഖ്ബാല്‍ അന്‍സാരിക്ക്

അയോധ്യയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലേക്കുള്ള ആദ്യക്ഷണക്കത്ത് ലഭിച്ചിരിക്കുന്നത് ഇഖ്ബാല്‍ അന്‍സാരിക്ക് . ഇന്നാണ് ഇദ്ദേഹത്തിന് ക്ഷണക്കത്ത് ലഭിച്ചത്. ആരാണ് ഇക്ബാല്‍ അന്‍സാരി എന്നല്ലേ അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ പരാതിക്കാരനായിരുന്നു ഇഖ്ബാല്‍ അന്‍സാരി.

ഭഗവാന്‍ രാമന്റെ ആഗ്രഹമാണ്, ചടങ്ങിലേക്ക് ആദ്യ ക്ഷണം തനിക്ക് ലഭിച്ചതിലൂടെ നടപ്പായതെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് അന്‍സാരി പറയുന്നു. ക്ഷണം സ്വീകരിക്കുന്നതായും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. ക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ എന്നിവരുടെ പേരുകളുണ്ട്.

ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുതിര്‍ന്ന മറ്റ് നേതാക്കളും ചടങ്ങിനെത്തും. ക്ഷേത്രശിലാസ്ഥാപനം നരേന്ദ്രമോദി നിര്‍വഹിച്ചേക്കും. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ് സിംഗ്, ബിജെപി നേതാവ് എല്‍കെ അദ്വാനി,എന്നിവര്‍ക്കും ക്ഷണമുണ്ട്.

കേന്ദ്ര-സംസ്ഥാന നേതാക്കള്‍, വിവിധ മതമേലധ്യക്ഷന്മാര്‍, പുരോഹിതര്‍ തുടങ്ങി 180 ഓളം പേരെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 200 ലേറെ പേരുടെ ക്ഷണക്കത്ത് തയ്യാറാക്കിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിഥികളുടെ എണ്ണം 180-170 ആയി കുറയ്ക്കുകയായിരുന്നു.