മൂന്നു വയസുകാരന്റെ മരണം ; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം

ആലുവയില്‍ കഴിഞ്ഞ ദിവസം മൂന്ന് വയസുകാരന്‍ മരിച്ചത് നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം. കുട്ടിയുടെ പോസ്റ്റുമോര്‍ട്ട് അല്‍പസമയം മുമ്പ് പൂര്‍ത്തിയായിരുന്നു. ഇതിനു ശേഷമാണ് നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം കുട്ടിയുടെ വയറ്റില്‍ നിന്ന് രണ്ട് നാണയത്തുട്ടുകള്‍ പുറത്തെടുത്തിട്ടുണ്ട്. ഒരുരൂപയുടെയും അന്‍പത് പൈസയുടെയും നാണയങ്ങളാണ് പുറത്തെടുത്തത്.

പോസ്റ്റുമോര്‍ട്ടത്തിനിടെ വന്‍കുടലിന്റെ താഴ്ഭാഗത്തു നിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട് റീജിയണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്ന ശേഷം മാത്രമെ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത് എന്നാല്‍ വീട്ടിലെത്തി രാത്രിയായതോടെ കുഞ്ഞിന്റെ നില വഷളായി. വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.