വാക്‌സിന്‍ എത്തിയാലും കോവിഡ് മുക്തി ഉടനില്ല ; കടമ്പകളേറെ

കൊറോണക്ക് എതിരെ ഒരു വാക്‌സിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം. വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലേക്കു കടന്നിരിക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ വാക്‌സിന്‍ പരീക്ഷണം മനുഷ്യരിലേക്കു കടന്നു. വാക്‌സിന്‍ എത്തുന്നതോടെ കോവിഡ് ഭീതിയില്‍നിന്ന് ലോകം മുക്തമാകുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം.

ശുഭപര്യവസായിയായ ഒരു സിനിമയുടെ ക്ലൈമാക്‌സ് പോലെയായിരിക്കും വാക്‌സിന്റെ വരവെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അത്രയേറെ പ്രതീക്ഷ ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതില്ലെന്നാണ് ലോകത്തെ ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു വാക്‌സിനിനുള്ള പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതായിരിക്കാം. ഒരു വാക്‌സിന്‍ ഉടന്‍ ആസന്നമാകുമെന്ന് ലോകനേതാക്കളും മരുന്നു കമ്പനികളും ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. വാക്‌സിന്‍ എത്തുന്നതോടെ ലോകത്തിന് എത്രയും വേഗം സാധാരണ നിലയിലേക്ക് മടങ്ങിവരാമെന്നതിനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധം ജനങ്ങള്‍ക്ക് നല്‍കാം. എന്നാല്‍ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യങ്ങളല്ലെന്ന സൂചനയാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്നത്.

രണ്ടു കോവിഡ് വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ അവസാനഘട്ടത്തിലെത്തിയതിനെ ചരിത്രപരവും അമ്പരപ്പിക്കുന്നതുമായ നേട്ടമായാണ് ചില രാജ്യങ്ങളിലെ അധികാരികളും മരുന്നു കമ്പനികളും വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ മാസത്തിലോ അല്ലെങ്കില്‍ വര്‍ഷാവസാനത്തിനു മുമ്പോ വാക്‌സിനുകള്‍ ലഭ്യമാകുമെന്ന് ചില ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സിക്യൂട്ടീവുകള്‍ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം വാക്‌സിന്‍ എത്തുന്നതോടെ ഉടന്‍ ശാശ്വതപരിഹാരമുണ്ടാകുമെന്ന് കരുതരുതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ‘ഒരു വാക്‌സിന്‍ എന്നത് ഒരു ഓഫ്-സ്വിച്ചോ റീസെറ്റ് ബട്ടണോ ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,” ഹാര്‍വാര്‍ഡ് ടി.എച്ചിലെ പകര്‍ച്ചവ്യാധി രോഗപ്രതിരോധശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസര്‍ യോനാതന്‍ ഗ്രാഡ് പറഞ്ഞു.

ഒരു വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനം ഒരു തുടക്കമായിരിക്കും, അവസാനമാണെന്ന് കരുതരുത്. അമേരിക്കയിലും ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലോകം മുഴുവന്‍ കോവിഡില്‍നിന്ന് സുരക്ഷയൊരുക്കാന്‍ ഉതകുന്ന തരത്തില്‍ എല്ലാ ആളുകളിലേക്കും വാക്‌സിന്‍ എത്താന്‍ മാസങ്ങളോ അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷങ്ങളോ എടുക്കുമെന്നാണ് അവര്‍ പറയുന്നത്. നിലവില്‍ ഇന്ത്യയടക്കം രാജ്യങ്ങള്‍ വാക്‌സിന്‍ കണ്ടെത്താന്‍ ഉള്ള കഠിന പരിശ്രമത്തിലാണ്.