ബാലഭാസ്‌ക്കറിന്റെ മരണം : സിബിഐ സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തു

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും സിബിഐ സംഘം മൊഴിയെടുത്തു. ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സംഘം മൊഴി രേഖപ്പെടുത്തുന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സിബിഐ സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്. കേസിലെ പ്രാഥമിക എഫ്‌ഐആറും സിബിഐ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മൊഴിയെടുക്കല്‍.

2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബാലഭാസ്‌ക്കറിന്റെ മകള്‍ തല്‍ക്ഷണം മരണമടഞ്ഞിരുന്നു. ശേഷം ചികിത്സയിലിരിക്കെ ഒക്ടോബര്‍ 2 ന് ബാലഭാസ്‌ക്കറും മരണമടഞ്ഞു. തുടക്കം മുതലേ ഈ അപകടത്തിനെക്കുറിച്ച് ദുരൂഹതകളാണ് ഉണ്ടായിരുന്നത്.

ബാലഭാസ്‌ക്കറിന്റെ മാനേജറായ പ്രകാശന്‍ തമ്പിയും, വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കളെ മാസങ്ങള്‍ക്ക് ശേഷം സ്വര്‍ണ്ണക്കടത്ത് കേസില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനുശേഷമാണ് ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ കൂടിയത്. സംഭവത്തില്‍ നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണം മരണത്തില്‍ ഒരു ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തിയത്. പക്ഷെ ബാലഭാസ്‌ക്കറിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.