കൊറോണ വൈറസ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയില്‍; കാരണം വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍

ലോകം മുഴുവന്‍ സംഹാര താണ്ഡവം ആടികൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയില്‍ ലക്ഷക്കണക്കിന് ജീവനാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്ന് ഇന്ത്യയിലാണ്. അതിനുള്ള കാരണം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നമ്മുടെ രാജ്യത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ ആണ് അവര്‍ ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ അര്‍ബുദരോഗ വിദഗ്ധരായ ഒരുപറ്റം ഡോക്ടര്‍മാര്‍ ആണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയില്‍ ആകാനുള്ള സാധ്യതകള്‍ ഇന്ത്യക്കാരില്‍ വളരെ കുറവാണെന്നാണ് പഠനം. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ആണ് ഈ ഗവേഷണം നടത്തിയത്. ഐ.സി. എം. ആര്‍. പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കാര്യം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ 10 ലക്ഷം ആളുകളില്‍ 25 പേര് എന്നതാണ് നിലവിലെ മരണനിരക്ക്. ഇതുവരെ 35,000 ആളുകളാണ് ഇന്ത്യയില്‍ മാത്രം മരിച്ചത്. കോവിഡ് ബാധിച്ച ആളുകളില്‍ ഇന്ത്യയിലെ മരണസംഖ്യ കേവലം 2.2 മാത്രമാണ്. ഇത് മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് തീരെ കുറവുമാണ്. അതേസമയം മരണനിരക്കില്‍ ഇന്ത്യ ഇറ്റലിയെ മറികടന്നു ഇപ്പോള്‍ അഞ്ചാം സ്ഥാനത് ആണ്.

എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാരില്‍ മരണസംഖ്യ വളരെ കൂടുതലാണ്. ഇതിന് കാരണം ഇന്ത്യയില്‍ ഉള്ളതില്‍ നിന്നും വ്യത്യസ്തമായുള്ള കാലാവസ്ഥയാണ് എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരേ തരത്തിലുള്ള വൈറസ് തന്നെയാണ് ലോകത്തുടനീളം കാണപ്പെടുന്നത് എങ്കിലും കാലാവസ്ഥയ്ക്ക് ഇതില്‍ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താനാകും എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.