സ്വര്‍ണക്കടത്ത് കേസില്‍ യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി
വിവാദമായ നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍.ഐ.എ കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ള കോടതിയില്‍ ഹാജരാക്കി. സ്വര്‍ണക്കടത്ത് നികുതി വെട്ടിപ്പ് കേസല്ലേയെന്നും കോടതി ചോദിച്ചു.
സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണംതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്ച എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ച് കേസിന്റെ തീവ്രവാദ ബന്ധം തെളിയിക്കാന്‍ എന്‍.ഐ.എ ശ്രമിക്കുന്നത്. കേസില്‍ തീവ്രവാദ ബന്ധങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഡയറിയില്‍ ഉണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് കോടതിയില്‍ ഹാജരായത്. ഇദ്ദേഹം കേരള ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനാണ്.
യു.എ.പി.എ നിലനില്‍ക്കില്ലെന്ന വാദമാണ് കേസിലെ പ്രതി സ്വപ്നയുടെ അഭിഭാഷകന്‍ മുന്നോട്ടു വച്ചത്. ജൂലൈ അഞ്ചിനാണ് സ്വര്‍ണം പിടികൂടുന്നത്. ഒമ്പതാം തിയതി കേസ് എന്‍ഐഎക്ക് കൈമാറി. ഈ സമയത്തിനിടയില്‍ എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ചോദിച്ചു. നികുതി വെട്ടിപ്പു കേസ് മാത്രമാണെന്നും സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, സ്വപ്നയുടെ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി മറ്റന്നാള്‍ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. കേസ് ഡയറിയടക്കം പരിശോധിച്ചതിന് ശേഷമാകും ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക. ഒരുപ്രതിയുടെ റിമാന്‍ഡ് കാലാവധി നീട്ടുമ്പോഴും കസ്റ്റഡി നീട്ടുമ്പോഴും കേസ് ഡയറി പരിശോധിച്ചിരിക്കണം എന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മുന്‍ ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു കാരണത്താലാണ് കോടതി കേസ് ഡയറി പരിശോധിക്കുന്നത്. അതേസമയം, പ്രതി റമീസിനെ മൂന്ന് ദിവസം കൂടി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.