വൈറല്‍ ആകാന്‍ ബൈക്ക് ഓടിച്ചു ; പെണ്‍കുട്ടിക്ക് കിട്ടിയത് 20,500 രൂപ പിഴയും ട്രോളും
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി. ഹെല്‍മറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെണ്‍കുട്ടിക്ക് ആണ് മോട്ടര്‍ വാഹന വകുപ്പ് നടപടി എടുത്തത്. കൊല്ലം പുന്തലത്താഴത്തുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
വിവിധ കുറ്റങ്ങളിലായി 20,500 രൂപ പിഴ ചുമത്തിയ മോട്ടോര്‍ വാഹനവകുപ്പ് പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ഈ ലൈസന്‍സ് ഉപയോഗിച്ച് ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിനു 10000 രൂപയും ബൈക്കില്‍ രൊപമാറ്റം വരുത്തിയതിന് വീണ്ടും 10000 രൂപയും ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപയും ചേര്‍ത്താണ് 20,500 രൂപ പിഴ ചുമത്തിയത്.
പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വീഡിയോ സഹിതം മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി പരിശോധിക്കാനും നടപടി സ്വീകരിക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡി. മഹേഷ് നിര്‍ദേശിച്ചു. എംവിഐ സുമോദ് സഹദേവന്‍, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതേസമയം വ്യാപകമായി തന്നെ പെണ്‍കുട്ടിയെ ട്രോളുന്ന വീഡിയോയും പോസ്റ്റുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.