ചൈനയില്‍ പുതിയ വൈറസ് ; 60 പേര്‍ക്ക് രോഗം; ഏഴുപേര്‍ മരിച്ചു
കോവിഡ് ഭീതിയൊഴിന്നതിന് മുമ്പ് ചൈനയില്‍നിന്ന് മറ്റൊരു മാരക വൈറസ് കൂടി. ചെള്ളുകടിയിലൂടെ വ്യാപിക്കുന്ന പുതിയ തരം എസ്എഫ്ടിഎസ് എന്ന വൈറസ് ഇതിനോടകം 60 പേരെ ബാധിച്ചു. വൈറസ് ബാധ ഏറ്റ ഏഴുപേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ 37 ലധികം ആളുകള്‍ക്ക് ഇതുവരെ എസ്എഫ്ടിഎസ് വൈറസ് രോഗം പിടിപെട്ടു. ഒടുവി കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്റ്റേറ്റ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജിയാങ്സുവിന്റെ തലസ്ഥാനമായ നാന്‍ജിംഗില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. വൈറസ് ബാധിച്ച ഇവര്‍ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്. പരിശോധനയില്‍ അവരില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം അവര്‍ രോഗമുക്തയായി ആശുപത്രി വിട്ടു. എന്നാല്‍ ഇതിനോടകം അമ്പതിലേറെ പേരില്‍ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
എസ്എഫ്‌സിടിഎസ് പുതിയ വൈറസ് അല്ലെന്നാണ് ചൈനീസ് അധികൃതൃര്‍ പറയുന്നത്. ബുന്യ വൈറസ് വിഭാഗത്തില്‍പ്പെടുന്നതാണിത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വൈറസ് പകരുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ചെള്ളുകള്‍ കടിക്കുന്നതിലൂടെയാണ് രോഗവ്യാപനം പ്രധാനമായും നടക്കുന്നത്. എന്നാല്‍ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രോഗം ബാധിച്ചവരുടെ രക്തം, മൂക്കിലെ സ്രവം എന്നിവയിലൂടെയാണ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുള്ളതെന്നും സെന്‍ജിയാങ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി. മനുഷ്യര്‍ക്ക് പുറമേ വളര്‍ത്തു മൃഗങ്ങളായ പശു, ആട്, കുതിര, പന്നി എന്നിവയും വൈറസ് ബാധിതരാകാന്‍ സാധ്യതയേറെയാണ്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം ദേശാടന പക്ഷികളിലൂടെ രോഗം പകരാനും സാധ്യതയുണ്ടെന്നു ഗവേഷകര്‍ പറയുന്നു.