പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം കോടതി തള്ളി
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നുള്ള ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ മുന്‍ ജലന്ദര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഈ ആരോപണം തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചത്. കന്യാസ്ത്രീ വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനാണ് ഇങ്ങനൊരു ആരോപണം ഉണയിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാല്‍ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു മാത്രമല്ല കോടതി തീരുമാനത്തെ എതിര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിച്ചു.കൂടാതെ കേസിന്റെ മേറിറ്റിലേയ്ക്ക് ഈ സമയം കോടതി കടക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കി. ഫ്രാങ്കോ മുളക്കലിന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതിയില്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളക്കലിന് വിചാരണ നേരിടേണ്ടിവരും.