വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് : ബിജുലാല്‍ പിടിയില്‍
വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി അറസ്റ്റിലായ സീനിയര്‍ അക്കൗണ്ടന്റ് എം. ആര്‍. ബിജുലാല്‍ തട്ടിപ്പ് സമ്മതിച്ചു. ഇന്ന് രാവിലെ ചാനലിന് അഭിമുഖം നല്‍കിയ ശേഷം അഭിഭാഷകനുമൊത്ത് കോടതിയില്‍ കീഴടങ്ങാന്‍ പോകുന്ന സമയത്ത് ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ബിജുലാല്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ 2 കോടിയുടെ തട്ടിപ്പിന് പുറമെ 74 ലക്ഷം രൂപ കൂടി തിരിമറി നടത്തിയതായി ബിജുലാല്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. 74 ലക്ഷം രൂപയുടെ തിരിമറി നടത്തിയത് ഏപ്രില്‍-മെയ് മാസങ്ങളിലായിരുന്നു. തട്ടിയെടുത്ത പണം ഭാര്യയുടേയും സഹോദരിയുടെയും അക്കൗണ്ടുകളിലേക്കാണ് ഈ പണം മാറ്റിയത്. പണത്തില്‍ കൂടുതലും ഓണ്‍ലൈന്‍ റമ്മി കളിക്കാനാണ് ഇയാള്‍ ഉപയോഗിച്ചത്. കൂടാതെ ഭൂമിയും സ്വര്‍ണ്ണവും വാങ്ങിയതയും പ്രതി പറഞ്ഞു.
എന്നാല്‍ അറസ്റ്റു ചെയ്ത സമയത്ത് താന്‍ ട്രഷറിയില്‍ നിന്നും പണം തട്ടിയെടുത്തിട്ടില്ലയെന്നും ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടാക്കിയ പണമാണ് അക്കൗണ്ടിലുള്ളതെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. കടം പെരുകിയത്തിനെ തുടര്‍ന്നാണ് ഇയാള്‍ ട്രഷറിയില്‍ നിന്നും പണം തട്ടിപ്പ് നടത്തിയതെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.
മെയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ password ഉപയോഗിച്ചാണ് ബിജുലാല്‍ 2 കോടി രൂപ തട്ടിയത്. ഇതില്‍ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്നു കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. ഇയാള്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ ബന്ധു വീട്ടിലേക്ക് കടന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.