ബെയ്‌റൂട്ട് സ്‌ഫോടനഭീതിയില്‍ ചെന്നൈ ; കസ്റ്റംസ് സൂക്ഷിച്ചിരിക്കുന്ന് 700 ടണ്‍ അമോണിയം നൈട്രേറ്റ്

ബെയ്‌റൂട്ട് സ്‌ഫോടനത്തിനെ തുടര്‍ന്ന് ഭീതിയിലാണ് ചെന്നൈ മഹാനഗരവും. ചെന്നൈയില്‍ 700 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് സംഭരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ രാസവസ്തു പൊട്ടിത്തെറിച്ച് ഗുരുതര സ്‌ഫോടനമുണ്ടായത്. 135 പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈയും ഭീതിയിലായിരിക്കുന്നത്.

2015ല്‍ ആയിരുന്നു അനധികൃതമായി ഇറക്കുമതി ചെയ്ത 1.80 കോടി രൂപ വിലവരുന്ന രാസവസ്തു പിടികൂടിയത്. സ്‌ഫോടകവസ്തു ആയ ഇത് ചെന്നൈ ആസ്ഥാനമുള്ള ആള്‍ ഇറക്കുമതി ചെയ്തത് വളമാണെന്ന് പറഞ്ഞായിരുന്നെന്ന് കസ്റ്റംസ് പറഞ്ഞു. ദക്ഷിണ കൊറിയയില്‍ നിന്നായിരുന്നു ഇത് ഇറക്കുമതി ചെയ്തത്. അതേസമയം, നിലവില്‍ സുരക്ഷിതമായാണ് വസ്തു സൂക്ഷിച്ചിരിക്കുന്നതെന്നും ഇ-ലേലത്തിലൂടെ അത് ഒഴിവാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടിയായ പട്ടാളി മക്കള്‍ കക്ഷിയും രാസവസ്തുക്കള്‍ എത്രയും പെട്ടെന്ന് സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയതോതില്‍ രാസവസ്തുക്കള്‍ ഇവിടെ സൂക്ഷിക്കുന്നത് അപകടത്തിന് കാരണമാക്കുമെന്ന ചില മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.