ഖുശ്ബുവിനെതിരെ ബലാത്സംഗ ഭീഷണി

സൌത്ത് ഇന്ത്യയിലെ പഴയകാല നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെതിരെ ബലാത്സംഗ ഭീഷണി. ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഭീഷണി മുഴക്കിയ ആളുടെ പേര് വിവരങ്ങളും ഖുശ്ബു പുറത്തുവിട്ടിട്ടുണ്ട്.

മുസ്‌ലീമായതിനാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടേണ്ട ആളാണെന്നാണ് ഫോണില്‍ വിളിച്ചയാളുടെ ഭീഷണി. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു നമ്പറില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്നും സഞ്ജയ് ശര്‍മ എന്ന പേരാണ് കാണിച്ചതെന്നും ഖുശ്ബു പറഞ്ഞു. വിളിച്ച ആളുടെ ഫോണ്‍ നമ്പര്‍ ഖുശ്ബു പുറത്തുവിട്ടു. ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം പറയണമെന്നും ഖുശ്ബു പറഞ്ഞു. കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഖുശ്ബുവിന്റെ ട്വീറ്റ്.

സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനല്‍ജി ഇടപെടണമെന്ന് പറഞ്ഞ ഖുശ്ബു പൊലീസ് അന്വേഷണം വേണമെന്നും പറഞ്ഞു. തനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്ബു ചോദിക്കുന്നു. ബാലതാരമായി എത്തി, തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും സജീവ സാന്നിധ്യമായ താരമാണ് ഖുശ്ബു. മഹാരാഷ്ട്രയിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ച ഖുശ്ബു വിവാഹം കഴിച്ചിരിക്കുന്നത് നടനും സംവിധായകനും നിര്‍മാതാവും ഒക്കെയായ സുന്ദര്‍ സിയെ ആണ്.