സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയം;ഓഫീസുമായി അടുത്ത ബന്ധം എന്ന് NIA
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുള്ളതായി എന്‍ഐഎ. പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ”Swapna had casual association with CM” എന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി അടുത്തബന്ധമുണ്ടെന്നും എന്‍ഐഎ പറയുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് നിലവില്‍ എന്‍ഐഎ കോടതിയില്‍ നടക്കുന്നത്. എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്. കള്ളക്കടത്തിനെപ്പറ്റി സ്വപ്നയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായിട്ടും സ്വപ്നയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും സ്വപ്ന പ്രതിഫലം പറ്റിയിരുന്നു. പ്രിന്‌സിപ്പല്‍ സെക്രട്ടറിയാണ് സ്പെയ്സ് പാര്‍ക്ക് പ്രോജക്ടില്‍ ഇവരെ ഉള്‍പ്പെടുത്തിയത്.
വിദേശത്ത് ഉള്‍പ്പടെ ഇവര്‍ക്ക് സ്വാധീനം ഉണ്ടായിരുന്നു. ഓരോ കണ്‍സെയിന്‍മെന്റ് വന്ന് പോകുമ്പോഴും ഇവര്‍ക്ക് 50,000 രൂപ വീതം ലഭിച്ചിരുന്നു. ഇതിനു പുറമേ സാധനങ്ങള്‍ വിട്ട് കിട്ടുന്നതിന് സ്വപ്ന കസ്റ്റംസ് ഓഫീസറെ വിളിച്ചുവെന്നും പിടിച്ചുവച്ചിരിക്കുന്ന സ്വര്‍ണം വിട്ട് കിട്ടുന്നതിന് സ്വപ്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഫ്ളാറ്റിലേക്ക് പോയിരുന്നു. എന്നാല്‍, അദ്ദേഹം ഇതിന് വഴങ്ങിയില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റിലും സ്വപ്ന സുരേഷിന് സ്വാധീനമുണ്ടായിരുന്നു. സ്വപ്നയില്ലാതെ കോണ്‍സുല്‍ ജനറലിന്റെ പ്രവര്‍ത്തനം പോലും നടന്നിരുന്നില്ല. രാജി വച്ച ശേഷവും പ്രതിമാസം 1000 ഡോളര്‍ പ്രതിഫലത്തില്‍ സ്വപ്ന കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിച്ചുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സമ്പൂര്‍ണ്ണ കേസ് ഡയറി എന്‍ഐഎ.ഹാജരാക്കിയിട്ടില്ലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. കേസ് ഡയറി ലഭ്യമാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. അപൂര്‍ണ്ണ കേസ് ഡയറി സമര്‍പ്പിച്ചു കൊണ്ട് കേസ് അട്ടിമറിക്കാന്‍ എന്‍ഐഎ ശ്രമിക്കുകയാണ്. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍പ്പോലും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായിട്ടില്ല. ഈ കേസില്‍ അദ്ദേഹം ഹാജരായതില്‍ നിന്നുതന്നെ എന്‍ഐഎയ്ക്ക് സ്ഥാപിത താല്‍പര്യമുണ്ടെന്ന് വ്യക്തമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.