കുടകില്‍ കനത്ത മഴ ; മണ്ണിടിഞ്ഞ് വീണ് നാലു പേരെ കാണാതായി
കുടകില്‍ തുടരുന്ന കനത്ത മഴ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലുപേരെ കാണാതായി. ബാഗമണ്ഡലക്കടുത്ത തലക്കാവേരിയിലാണ് അപകടം. തലക്കാവേരിയിലെ പ്രശ്സ്തമായ ക്ഷേത്രത്തിനടുത്താണ് അപകടമുണ്ടായിരിക്കുന്നത്. പ്രദേശത്തെ മല ഇടിഞ്ഞുവീഴുകയായിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാരെയാണ് കാണാതായത്. മൂന്നു വീടുകള്‍ തകര്‍ന്നു. മണ്ണിനടയില്‍പെട്ടവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.
ദേശീയദുരന്ത നിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജില്ലാ കളക്ടറും ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കമുള്ളയാളുകള്‍ സ്ഥലത്തുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ശക്തമായ മഴയാണ് ഇവിടെ പെയ്യുന്നത്. കാവേരി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വീരാജ്പേട്ട മടിക്കേരി റോഡിലെ പ്രധാന പാലം വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. നിലവില്‍ കര്‍ണാടകത്തിലെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കേരളത്തിലും വടക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. പല സംഭവങ്ങളിലായി നാല് പേര്‍ മരിച്ചിട്ടുണ്ട്.