പൊലീസില്‍ ആജ്ഞാശക്തിയുള്ള ആളാണ് സ്വപ്ന എന്ന് കസ്റ്റംസ്

അധികാരത്തിന്റെ ഇടനാഴികളില്‍ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്ന എന്ന് കസ്റ്റംസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഏത് അധികാര കേന്ദ്രമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കിയിട്ടില്ല.സ്വപ്നയ്ക്ക് കേരള പോലീസില്‍ ആജ്ഞാശക്തി ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് പോലും സംസ്ഥാനം വിട്ട് പോകാന്‍ സ്വപ്നയ്ക്ക് നിഷ്പ്രയാസം സാധിച്ചത് പൊലീസിലുള്ള സ്വാധീനമാണെന്ന് നേരത്തെയും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പടി കൂടി കടന്ന് പൊലീസില്‍ ആജ്ഞാശക്തി ഉണ്ടെന്ന് പറയുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടിയതിന് വിശ്വസനീയമായ രേഖകള്‍ ഉണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയുമായി പരിചയം ഉണ്ടെന്നും ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എന്‍ഐഎ വാദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മേല്‍ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്നും പറഞ്ഞിരുന്നു. ശിവശങ്കര്‍ തന്റെ ഉപദേശകനാണെന്നാണ് സ്വപ്ന എന്‍ഐഎയോട് പറഞ്ഞിരിക്കുന്നത്.