കരിപ്പൂരില്‍ വിമാനാപകടം ; റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം രണ്ടായിപിളര്‍ന്നു ; പൈലറ്റ് മരിച്ചു
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 344 യാത്രക്കാരും അഞ്ച് ക്രൂവും അടക്കം 349 പേരാണ് ആകെ വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. എത്ര പേര്‍ക്ക് പരുക്കു പറ്റിയെന്നതില്‍ വ്യക്തതയില്ല. കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അദ്ദേഹം തൃശൂരില്‍ നിന്ന് പുറപ്പെട്ടു.
ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അപകടമരണങ്ങളില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിച്ചുകൊണ്ടിരിക്കുകയാനെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. വിമാനം റണ്‍വേയിലൂടെ അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് വിവരം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴ തുടരുന്നതുകൊണ്ട് തന്നെ വിമാനം തെന്നിമാറിയതാവാമെന്നും സൂചനയുണ്ട്.
ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ മുഴുവന്‍ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.