കരിപ്പൂര്‍ വിമാനപകടം ; മരണം പന്ത്രണ്ട് ആയി
കരിപ്പൂരില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മരണം പന്ത്രണ്ട് ആയി. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന ദുബായില്‍നിന്നുള്ളഎയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1344 രാത്രി 7.45-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ലാന്‍ഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളര്‍ന്നു. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. കൊണ്ടോട്ടി – കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 190 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മഴ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
യാത്രക്കാരില്‍ 174 മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമായിരുന്നു. വിമാനത്തില്‍ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. റണ്‍വേയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്നു താഴേക്കു വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.
ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് കരിപ്പൂര്‍ വിമാനത്താവളം. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആംബുലന്‍സുകളും അഗ്‌നിരക്ഷാസേനാ വാഹനങ്ങളും എത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാല്‍ തന്നെ അപകടത്തിന്റെ വ്യാപ്തി കൂടുതല്‍ ശക്തമായി.
പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1344 ദുബായ്‌കോഴിക്കോട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു ആദ്യനിഗമനം. നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലയിലെ ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളത്തിലേക്ക് എത്തി.
ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അപകടമരണങ്ങളില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.