മൂന്നാര്‍ ദുരന്തം ; സര്‍ക്കാര്‍ മുന്‍കരുതലുകള്‍ എടുത്തില്ലെന്ന് കെ സുരേന്ദ്രന്‍

മൂന്നാര്‍ ദുരന്തത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിന് എതിരെ ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ദുരന്തങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ ഒരു മുന്‍കരുതല്‍ നടപടിയും സ്വീകരിക്കുന്നില്ല. മൂന്നാറില്‍ ആവശ്യത്തിനു മെഡിക്കല്‍ ടീമും വാഹനങ്ങളും ഇല്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ദുരന്ത മരണങ്ങള്‍ ഏറുന്നത് സര്‍ക്കാര്‍ അനാസ്ഥ കാരണമാണ്. കേന്ദ്രം ദുരന്ത നിവാരണത്തിന് നല്‍കിയ പണം കൃത്യമായി ഉപയോഗിച്ച് ദുരന്തം നേരിടാനുള്ള സജ്ജീകരണം ഇപ്പോഴും ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മൂന്നാര്‍ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഒന്‍പത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ രക്ഷപ്പെടുത്തി. 78 പേരാണ് മണ്ണിടിച്ചില്‍ നടക്കുമ്പോള്‍ നാല് ലയങ്ങളിലായി ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. ജെസിബിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല് ലയങ്ങള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്ക് എത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് ഫയര്‍ഫോഴ്സിന്റെ സ്പെഷ്യല്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഏലപ്പാറയില്‍ നിന്ന് പുറപ്പെട്ട ടീമാണ് നിലവില്‍ സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് രാജമലയുടെ ഭാഗമായുള്ള പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തില്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.