ഉരുള്‍പൊട്ടല്‍ ഉണ്ടായ പെട്ടിമുടിയില്‍ തെരച്ചില്‍ താത്കാലികമായി നിര്‍ത്തി
മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്നാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ജനറേറ്റര്‍ എത്തിക്കുന്നതിനുള്ള ശ്രമം നടന്നെങ്കിലും സാധ്യമായിട്ടില്ല. രാത്രിയും തെരച്ചില്‍ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണ്. നിലവില്‍ ദുരന്തനിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ച് പ്രദേശത്തുനിന്ന് നീങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. ആംബുലന്‍സുകള്‍ അടക്കം തിരിച്ചയച്ചു. പ്രദേശത്ത് മഴകനക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവച്ചത്.
പ്രദേശത്തുനിന്ന് ഇന്ന് 17 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. അന്‍പതിലധികം ആളുകളെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. 15 പേരെയാണ് നിലവില്‍ രക്ഷപെടുത്താന്‍ സാധിച്ചത്. രാജമലയില്‍ പുലര്‍ച്ചയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി ബന്ധം, വാര്‍ത്താവിനിമയ ബന്ധം എല്ലാം തടസപ്പെട്ടു. അതുകൊണ്ട് ദുരന്തം പുറംലോകം അറിയാന്‍ വൈകുന്ന സാഹചര്യം ഉണ്ടായി. ഇവിടേക്കുള്ള വഴിയിലെ പാലം ഒലിച്ചുപോയിരുന്നു. അത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്താന്‍ വൈകുന്നതിന് ഇടയാക്കി.
അതേസമയം ഉരുള്‍പൊട്ടലില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ദുരന്തത്തില്‍ ഉള്‍പ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.
അതുപോലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
രാജമലയിലെ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്ത ഏറെ വേദയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ദുരിതബാധിത മേഖലയില്‍ ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.