കൊറോണയൊക്കെ എന്ത് ; ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ധനികന്‍ ആയി മുകേഷ് അംബാനി

കൊറോണ കാരണം രാജ്യത്തെ ജനങ്ങളുടെ ജീവിതം കഷ്ട്ട്ടകാലത്തില്‍ ആയിട്ടും അതൊന്നും തെല്ലും ബാധിക്കാത്ത ഒരാളും ഉണ്ട് നമ്മുടെ രാജ്യത്ത്. സാക്ഷാല്‍ മുകേഷ് അംബാനി. സാമ്പത്തിക പ്രശ്‌നം രൂക്ഷമായ സമയത്ത് തന്നെയാണ് ലോകത്തെ ശതകോടീശ്വരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നാലാമതെത്തി.

എല്‍വിഎംഎച്ച് ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് ലോകത്തെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയായി മുകേഷ് അംബാനി മാറിയത്.
വിവിധ നിക്ഷേപങ്ങളിലൂടെ ഈ വര്‍ഷം 22 ബില്യണ്‍ ഡോളര്‍ സ്വരൂപിച്ചതോടെ മുകേഷ് അംബാനിയുടെ ആസ്തി ഇപ്പോള്‍ 80.6 ബില്യണ്‍ ഡോളര്‍ (6.04 ലക്ഷം കോടി രൂപ) ആയി. അര്‍നോള്‍ട്ടിന്റെ ആസ്തി 1.24 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 80.2 ബില്യണ്‍ ഡോളറായി (60.01 ലക്ഷം കോടി രൂപ) അഞ്ചാം സ്ഥാനത്തെത്തി.

സിലിക്കണ്‍ വാലിയിലെ വമ്പന്‍മാരായ എലോണ്‍ മസ്‌ക്, ആല്‍ഫബെറ്റ് ഇന്‍കോര്‍ട്ട് സഹസ്ഥാപകരായ സെര്‍ജി ബ്രിന്‍, ലാറി പേജ്, വാറന്‍ ബഫെറ്റ് എന്നിവരുള്‍പ്പെടെയുള്ളവരെ മുകേഷ് അംബാനി നേരത്തെ മറികടന്നിരുന്നു. ബ്ലൂംബെര്‍ഗ് സൂചികയിലെ ഏറ്റവും മികച്ച 10 സമ്പന്നരില്‍ എട്ട് പേര്‍ അമേരിക്കക്കാരാണ്. അംബാനി പട്ടികയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍ മാത്രമല്ല, ഏഷ്യാക്കാരന്‍ കൂടിയാണ്.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നിലവില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ സമ്പത്ത് ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടന്നതിനാല്‍ ജെഫ് ബെസോസിനും ബില്‍ ഗേറ്റ്‌സിനും ശേഷം ശതകോടീശ്വരനാകുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായി അദ്ദേഹം മാറി. 2020 ന്റെ തുടക്കം മുതല്‍ 22.1 ബില്യണ്‍ ഡോളര്‍ തന്റെ ആസ്തിയില്‍ ചേര്‍ത്ത സക്കര്‍ബര്‍ഗിന്റെ മൂല്യം ഇപ്പോള്‍ 102 ബില്യണ്‍ ഡോളറാണ്.