കനത്ത മഴയില്‍ മുങ്ങി കേരളം ; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കനത്ത മഴയെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാടുകാണി ചുരത്തില്‍ വിള്ളല്‍ കണ്ടെത്തി. 30 മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഒന്നാം വളവിന് മുകളില്‍ അത്തിക്കുറുക്കിലാണ് വിള്ളല്‍ രൂപപ്പെട്ടത്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ആരും നദിയില്‍ ഇറങ്ങാന്‍ പാടില്ല എന്നും മുന്നറിയിപ്പ് നല്‍കി.
ഇന്നലെ കോഴിക്കോട് വടകരയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 33 സെന്റീമീറ്റര്‍ മഴയാണ് വടകരയില്‍ രേഖപ്പെടുത്തിയത്. മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയര്‍മാരുടെ കണ്ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലുമുള്ള കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡാമുകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പടെയുള്ള സമാന്തര വാര്‍ത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.